പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി എഴുതിയ ശശി തരൂര്‍ എംപിയുടെ ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രിയുടെ ഔദ്യോഗിക എക്സ് അക്കൗണ്ട്. ദി ഹിന്ദുവില്‍ എഴുതിയ ഇംഗ്ലീഷ് ലേഖനമാണ് അക്കൗണ്ടില്‍ പങ്കുവെച്ചിരുന്നത്. 'പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഊര്‍ജ്ജം, ചലനാത്മകത, ഇടപെടാനുള്ള സന്നദ്ധത എന്നിവ ആഗോള വേദിയില്‍ ഇന്ത്യയ്ക്ക് സ്വത്തായി തുടരുമെന്നാണ് ശശി തരൂര്‍ ലേഖനത്തില്‍ എഴുതിയിരിക്കുന്നത്.
ഓപ്പറേഷന് സിന്ദൂറിന് ശേഷമുള്ള നയതന്ത്ര ബന്ധം ദൃഢനിശ്ചയത്തിന്റെയും ഫലപ്രദമായ ആശയവിനിമയത്തിന്റേതുമായിരുന്നുവെന്നും ഇന്ത്യയ്ക്ക് വ്യക്തതയോടും ബോധ്യത്തോടും കൂടി അന്താരാഷ്ട്ര വേദികളില്‍ ഇതേപറ്റി സംസാരിക്കാന്‍ കഴിയുമെന്നും തരൂര്‍ കുറിച്ചു. എന്നാല്‍ തരൂരിന്റെ ലേഖനത്തില്‍ കോണ്‍ഗ്രസ് നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.
തുടര്‍ച്ചയായി മോദിയെ പുകഴ്ത്തിയുള്ള ശശി തരൂരിന്റെ പ്രതികരണങ്ങളില്‍ വലഞ്ഞിരിക്കുകയാണ് കോണ്‍ഗ്രസ്. തരൂരിന്റെ ഈ പ്രവണതയില്‍ പല തവണ നേതാക്കള്‍ നീരസം പ്രകടിപ്പിച്ചെങ്കിലും മോദി സ്തുതി തുടരുകയായിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹിന്ദിയിലുള്ള സംസാരത്തെ ന്യായീകരിച്ച് ശശി തരൂര്‍ എം പി രംഗത്തെത്തിയത്. പഴയ വീഡിയോ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച് കൊണ്ടായിരുന്നു തരൂരിന്റെ പ്രതികരണം. ഇംഗ്ലീഷ് ഭാഷയെ തള്ളി അമിത്ഷാ പ്രസ്താവന നടത്തിയതിന് പിന്നാലെയാണ് തരൂരിന്റെ പോസ്റ്റ്. മറ്റു ഭാഷയേക്കാള്‍ ഹിന്ദിയില്‍ സംസാരിക്കുന്നതാണ് പ്രധാനമന്ത്രിക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നത്. ലോക നേതാക്കളോടെല്ലാം അദ്ദേഹം ഹിന്ദി ഭാഷയിലാണ് സംസാരിക്കുന്നത്. ജപ്പാന്, ചൈനീസ് തുടങ്ങിയ രാ?ജ്യങ്ങളിലെ നേതാക്കളെല്ലാം അവരുടെ മാതൃഭാഷയിലാണ് മറ്റു ലോക നേതാക്കളോട് സംസാരിക്കുന്നത്. എല്ലാവരും അവരുടെ മാതൃഭാഷയില്‍ സംസാരിക്കുമ്പോള്‍ നമ്മുടെ പ്രധാനമന്ത്രിയ്ക്ക് മാതൃഭാഷയില്‍ സംസാരിച്ചാല്‍ എന്താണ് പ്രശ്നമെന്നും തരൂര്‍ വീഡിയോയില്‍ ചോദിക്കുന്നുണ്ട്.