മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ജോണ്‍ ബര്‍ല തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ആദിവാസി വിഭാഗത്തിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ ബിജെപി തന്നെ അനുവദിച്ചില്ലെന്ന് ആരോപിച്ചാണ് ജോണ്‍ ബര്‍ല പാര്‍ട്ടി വിട്ട് ടിഎംസിയില്‍ ചേര്‍ന്നത്.
'ബിജെപിയില്‍ ആയിരുന്ന കാലത്ത് എനിക്ക് ആദിവാസി ജനതയുടെ വികസനത്തിനായി പ്രവര്‍ത്തിക്കാനായില്ല. അവര്‍ എന്നെ അതിന് അനുവദിച്ചില്ല. മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ ആദിവാസി ജനതയോട് നീതി പുലര്‍ത്താന്‍ എനിക്ക് കഴിയുമെന്നാണ് വിശ്വസിക്കുന്നത്'-ജോണ്‍ ബര്‍ല പറഞ്ഞു.
2019-ല്‍ പശ്ചിമ ബംഗാളിലെ അലിപുര്‍ദുവാറില്‍ നിന്ന് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ച ജോണ്‍ കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രിയായി. 2014-ല്‍ ജോണിന് ബിജെപി സീറ്റ് നിഷേധിച്ചിരുന്നു. സീറ്റ് ലഭിക്കാത്തതില്‍ അന്ന് അദ്ദേഹം അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ജോണ്‍ ബര്‍ലയ്ക്കു പകരം ബിജെപി അന്ന് സ്ഥാനാര്‍ത്ഥിയാക്കിയത് പശ്ചിമബംഗാള്‍ നിയമസഭയിലെ ബിജെപി ചീഫ് വിപ്പായിരുന്ന മനോജ് ടിഗ്ഗയെയായിരുന്നു. ടിഗ്ഗ തെരഞ്ഞെടുപ്പില്‍ വിജയിക്കുകയും ചെയ്തു.