120 പേര്‍ ആശുപത്രിയില്‍; 'ദുരന്തര്‍' സെറ്റില്‍ പ്രതിസന്ധി

12:58 PM Aug 19, 2025 | Suchithra Sivadas

രണ്‍വീര്‍ സിംഗ് നായകനായ പുതിയ ചിത്രം 'ദുരന്തര്‍'-ന്റെ ലഡാക്കിലെ ഷൂട്ടിംഗ് സെറ്റില്‍ കൂട്ട ഭക്ഷ്യവിഷബാധയുണ്ടായെന്ന വാര്‍ത്ത സിനിമാലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഞായറാഴ്ച രാത്രിയിലുണ്ടായ ഈ അപ്രതീക്ഷിത സംഭവം കാരണം ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ണ്ണമായി നിര്‍ത്തിവെച്ചു. വലിയ ബജറ്റില്‍ ഒരുങ്ങുന്ന ഈ സിനിമയുടെ നിര്‍മ്മാണത്തില്‍ വലിയൊരു തടസ്സമാണ് ഈ സംഭവം ഉണ്ടാക്കിയിരിക്കുന്നത്.

മൈനസ് ഡിഗ്രി സെല്‍ഷ്യസിലേക്ക് താപനില താഴുന്ന ലഡാക്കിലെ അതിശൈത്യമുള്ള കാലാവസ്ഥയില്‍ ചിത്രീകരണം പുരോഗമിക്കവെയാണ് സംഭവം. ഞായറാഴ്ച രാത്രിയിലെ അത്താഴം കഴിച്ചതിന് ശേഷമാണ് പലര്‍ക്കും വയറുവേദന, ഛര്‍ദ്ദി, തലകറക്കം, തലവേദന തുടങ്ങിയ ഗുരുതരമായ ലക്ഷണങ്ങള്‍ അനുഭവപ്പെടാന്‍ തുടങ്ങിയത്. ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് അവരെ ഉടന്‍ തന്നെ ലേയിലുള്ള എസ്എന്‍എം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ഏകദേശം 600-ഓളം പേരുള്ള ഒരു വലിയ ഷൂട്ടിംഗ് സംഘമാണ് ചിത്രീകരണത്തിനായി ലഡാക്കില്‍ ഉണ്ടായിരുന്നത് ഇതില്‍ 120 പേരാണ് ചികിത്സ തേടിയത്.

ഈ അപകടത്തിന് പിന്നിലെ കൃത്യമായ കാരണം കണ്ടെത്താന്‍, അന്ന് എല്ലാവര്‍ക്കും നല്‍കിയ ഭക്ഷണത്തിന്റെ സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഭാഗ്യവശാല്‍, ആശുപത്രിയിലുള്ള ആരുടെയും നില ഗുരുതരമല്ലെന്നും, എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.