
അമ്മയും സുഹൃത്തും ചേര്‍ന്ന് പതിമൂന്ന് വയസ്സുകാരനെ ക്രൂരമായി മര്‍ദിച്ചു. ആക്രമണത്തില്‍ കുട്ടിയുടെ കൈയ്ക്ക് പൊട്ടലേറ്റു. സംഭവത്തില്‍ കുട്ടിയുടെ അമ്മ സുഹൃത്തായ കോട്ടയം വട്ടുകുളം സ്വദേശി വിപിനെ (33) ഏരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ ദേഹമാസകലം അടിയേറ്റതിന്റെ പാടുകളുണ്ട്.
മുത്തച്ഛനോടൊപ്പം അമ്മ താമസിക്കുന്ന ഏരൂര്‍ കരിമ്പിന്‍കോണത്തെ വീട്ടിലെത്തിയതായിരുന്നു കുട്ടി. ഇവിടെ വെച്ച് അമ്മ സൗമ്യയും വിപിനും ചേര്‍ന്ന് കുട്ടിയെയും മുത്തച്ഛനെയും ക്രൂരമായി മര്‍ദിക്കുകയായിരുന്നു. മുത്തച്ഛനും മര്‍ദനത്തില്‍ പരിക്കേറ്റിട്ടുണ്ട്. നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് മര്‍ദനമേറ്റ കുട്ടിയെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഏരൂര്‍ പോലീസ് വിപിനെ സംഭവസ്ഥലത്ത് വെച്ച് തന്നെ കസ്റ്റഡിയിലെടുത്തു. കുട്ടിയെ മര്‍ദിച്ച സംഭവത്തില്‍ അമ്മ സൗമ്യക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.