+

രണ്ട് മാസത്തിനുള്ളില്‍ 15 ഹൃദയ ശസ്ത്രക്രിയ, രോഗികളുടെ മരണത്തിന് പിന്നാലെ പുറത്തുവന്നത് വ്യാജഡോക്ടറുടെ തട്ടിപ്പ്

വിഷയത്തില്‍ കൂടുതല്‍ അന്വേഷണം നടത്താന്‍ എന്‍എച്ച്ആര്‍സിയുടെ ഒരു സംഘം ഏപ്രില്‍ 7 മുതല്‍ 9 വരെ ദാമോ സന്ദര്‍ശിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

രണ്ട് മാസത്തിനുള്ളില്‍ 15 ഹൃദയ ശസ്ത്രക്രിയ നടത്തിയ വ്യാജ ഡോക്ടര്‍ക്കായി തിരച്ചില്‍ തുടരുന്നു. മധ്യപ്രദേശിലെ ഒരു പ്രശസ്ത ആശുപത്രിയില്‍ ഹൃദ്രോഗ വിദഗ്ധന്‍ ചമഞ്ഞ് ഇയാള്‍ പ്രവര്‍ത്തിച്ച് വരുകയായിരുന്നു. തുടര്‍ച്ചയായി ഇയാളുടെ അടുത്ത് ചികിത്സയ്‌ക്കെത്തുന്ന രോഗികള്‍ മരണപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് സംഭവം പുറത്ത് വരുന്നത്. 2024 ഡിസംബര്‍ മുതല്‍ 2025 ഫെബ്രുവരി വരെ ഇയാള്‍ ചികിത്സിച്ച രോഗികളില്‍ ചിലരുടെ മരണത്തിന് പിന്നാലെ വന്ന പരാതികളാണ് ഇയാളെ കുടുക്കിയത്.


നരേന്ദ്ര യാദവ് എന്നയാളാണ് ലണ്ടനില്‍ നിന്നുള്ള എന്‍ ജോണ്‍ കാം എന്ന പ്രശ്‌സത ഹൃദ്രോഗ വിദഗ്ധന്റെ പേരും വിവരങ്ങളും ഉപയോഗിച്ച് ചികിത്സ നടത്തി വന്നത്. നിരവധിപേരാണ് നരേന്ദ്ര യാദവിന്റെ തെറ്റായ ചികിത്സ കാരണം ബുദ്ധിമുട്ടിയത്. 63 കാരിയായ റഹീസ ഹൃദയാഘാതവുമായാണ് നരേന്ദ്ര യാദവിന് മുന്‍പില്‍ ചികിത്സയ്ക്ക് എത്തുന്നത്. എന്നാല്‍ ചികിത്സയിലിരിക്കെ തന്നെ ഇവര്‍ രണ്ടാമതും ഹൃദയാഘാതം വന്ന് മരണപ്പെടുകയായിരുന്നു.
മംഗള്‍ സിംഗ് എന്ന മറ്റൊരു രോഗിയെയും ഈ കാലഘട്ടത്തില്‍ ഉദര സംബന്ധമായ അസുഖത്താല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ഇയാളെ നരേന്ദ്ര യാദവ് ഹൃദയശസ്ത്രക്രിയക്ക് വിധേയനാക്കുകയായിരുന്നു. പിന്നാലെ ഇയാളും മരിച്ചു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്. വിഷയത്തില്‍ കൂടുതല്‍ അന്വേഷണം നടത്താന്‍ എന്‍എച്ച്ആര്‍സിയുടെ ഒരു സംഘം ഏപ്രില്‍ 7 മുതല്‍ 9 വരെ ദാമോ സന്ദര്‍ശിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

facebook twitter