17ാമത് ഐ.ഡി.എസ്.എഫ്.എഫ്.കെ: ഗാസയുടെ മുറിവുകളും പ്രതിരോധവും പകർത്തുന്ന 'ഫ്രം ഗ്രൗണ്ട് സീറോ' ഉദ്ഘാടന ചിത്രം

08:10 PM Aug 20, 2025 | AVANI MV

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 17ാമത് ഐ.ഡി.എസ്.എഫ്.എഫ്.കെയുടെ ഉദ്ഘാടന ചിത്രമായി പലസ്തീൻ ചിത്രം 'ഫ്രം ഗ്രൗണ്ട് സീറോ' പ്രദർശിപ്പിക്കും. ഇസ്രായേലിന്റെ നിഷ്ഠുരമായ അധിനിവേശത്തിൽ ഞെരിഞ്ഞമരുന്ന ഗാസയിലെ ജനജീവിതത്തിന്റെ മുറിവുകളും ചെറുത്തുനിൽപ്പിന്റെ കാഴ്ചകളുമാണ് 22 പലസ്തീൻ സംവിധായകരുടെ സംരംഭമായ ഈ ചിത്രം. 2025 ആഗസ്റ്റ് 22ന് വൈകിട്ട് ആറു മണിക്ക് മേളയുടെ ഉദ്ഘാടനച്ചടങ്ങിനുശേഷം കൈരളി തിയേറ്ററിലാണ് പ്രദർശനം.

2023 ഒക്ടോബർ മുതൽ ഗാസയിൽ നടന്നുവരുന്ന വംശഹത്യക്കു പിന്നിലെ അറിയപ്പെടാത്ത കഥകൾ പകർത്തുന്ന ഡോക്യുമെന്ററികളും ഹ്രസ്വചിത്രങ്ങളും അനിമേഷൻ ചിത്രങ്ങളുമടങ്ങിയതാണ് ഈ അന്തോളജി. 1994ൽ 'കർഫ്യൂ' എന്ന ചിത്രത്തിലൂടെ കാൻ ചലച്ചിത്രമേളയിൽ യുനെസ്‌കോ അവാർഡ് നേടിയ റഷീദ് മഷറാവിയാണ് ഈ ചലച്ചിത്രസമാഹാരം ഒരുക്കിയിരിക്കുന്നത്. ഗാസയിലെ പലസ്തീൻ ചലച്ചിത്രകാരന്മാർക്ക് ധനസഹായം അനുവദിക്കുന്ന ദ മഷറാവി ഫണ്ട് എന്ന പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച ഈ ചിത്രം 2024ലെ ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഔദ്യോഗിക വിഭാഗത്തിൽ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. രൂക്ഷമായ ജീവിതയാഥാർഥ്യങ്ങൾക്കിടയിലും ഗാസയിലെ ചലച്ചിത്രരംഗം സജീവമാണ് എന്ന് തെളിയിക്കുകയാണ് ഈ സംരംഭം.

മൂന്നു മുതൽ ആറു മിനിറ്റ് വരെ ദൈർഘ്യമുള്ളവയാണ് ഈ അന്തോളജിയിലെ ചിത്രങ്ങൾ. പലസ്തീൻ ജനത നേരിടുന്ന വെല്ലുവിളികൾ, ദുരിതങ്ങൾ എന്നിവയ്‌ക്കൊപ്പം പ്രത്യാശയുടെയും പ്രതീക്ഷയുടെയും കിരണങ്ങളും ഈ ചിത്രങ്ങളിൽ പ്രതിഫലിക്കുന്നു. 97ാമത് ഓസ്‌കർ അവാർഡിന് മികച്ച വിദേശഭാഷാചിത്രത്തിനുള്ള വിഭാഗത്തിൽ പലസ്തീന്റെ ഔദ്യോഗിക എൻട്രിയായിരുന്നു 'ഫ്രം ഗ്രൗണ്ട് സീറോ'. കാൻ മേളയിൽ ആദ്യപ്രദർശനം നടത്താനിരുന്ന ചിത്രം അവസാന നിമിഷം 'രാഷ്ട്രീയകാരണങ്ങളാൽ' സംഘാടകർ പിൻവലിക്കുകയായിരുന്നു. ഇതത്തേുടർന്ന് മേളയുടെ വേദിക്കു പുറത്ത് റഷീദ് മഷറാവി ചിത്രത്തിന്റെ പ്രതിഷേധ പ്രദർശനം ഒരുക്കിയിരുന്നു.

Trending :