തുടരും സിനിമ വന്‍വിജയമായ സമയത്താണ് മോഹന്‍ലാലിനെ നായകനാക്കിയുളള തന്റെ സിനിമ നടന്‍ അനൂപ് മേനോന്‍ പ്രഖ്യാപിച്ചത്. ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലായി ചിത്രീകരിക്കുന്ന ചിത്രം പ്രണയത്തിലൂടെയും സംഗീതത്തിലൂടെയുമുളള ഒരു യാത്രയായിരിക്കുമെന്ന് മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു. സിനിമയെ കുറിച്ചുളള അപ്‌ഡേറ്റ് ഒരു യൂടൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പങ്കുവച്ചിരിക്കുകയാണ് അനൂപ് മേനോന്‍.
സമയമെടുത്ത് ചെയ്യേണ്ട ചിത്രമായതിനാല്‍ ഈ സിനിമ അടുത്ത വര്‍ഷമേ യാഥാര്‍ത്ഥ്യമാവൂളളൂ എന്ന് നടന്‍ പറഞ്ഞു. ''ലാലേട്ടനെ വച്ചുളള ചിത്രം അടുത്ത വര്‍ഷമേ സംഭവിക്കൂ. നിര്‍മാതാക്കള്‍ മാറി. സിനിമയിലെ ഒരു പ്രധാന സീക്വന്‍സ് ചിത്രീകരിക്കാന്‍ ഉദ്ദേശിക്കുന്നത് കൊല്‍ക്കത്തയിലെ ദുര്‍?ഗാപൂജയിലാണ്. അത് അടുത്ത വര്‍ഷമേ ഇനി സാധ്യമാവൂ. ആ ഫെസ്റ്റിവലില്‍ 20 ദിവസത്തെ ഷൂട്ടുണ്ട്. അതിനിടയില്‍ വച്ച് ആക്ഷന്‍ ഫൈറ്റ് സീക്വന്‍സാണ് എടുക്കുക. അവിടെ വച്ച് യഥാര്‍ഥമായി തന്നെ ഷൂട്ട് ചെയ്യണം എന്നുളളതുകൊണ്ടാണ് വൈകുന്നത്'', അനൂപ് മേനോന്‍ പറഞ്ഞു.
'സിനിമയില്‍ അഞ്ച് പാട്ടും മൂന്ന് ഫൈറ്റുമുണ്ട്. അത് സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വലിയ ക്യാന്‍വാസിലുളള ചിത്രമാണ്. ഇത്രയും പാട്ടുകളും ഫൈറ്റുകളും ഉളളതിനാല്‍ ബജറ്റ് വളരെ വലുതാണ്. തിരക്കഥ ജോലികള്‍ പുരോഗമിക്കുകയാണ്. ഈ സിനിമ സമയമെടുത്ത് ചെയ്യാമെന്നാണ് ലാലേട്ടന്‍ പറഞ്ഞത്'', അനൂപ് മേനോന്‍ കൂട്ടിച്ചേര്‍ത്തു.