30ാമത് ഐ.എഫ്.എഫ്.കെ: റെട്രോസ്‌പെക്റ്റീവ് വിഭാഗത്തിൽ സയ്യിദ് മിർസയുടെ മൂന്ന് ചിത്രങ്ങൾ

08:20 PM Dec 04, 2025 | AVANI MV

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2025 ഡിസംബർ 12 മുതൽ 19 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 30ാമത് ഐ.എഫ്.എഫ്.കെയിൽ ഇന്ത്യൻ സമാന്തര സിനിമയുടെ മുന്നണിപ്പോരാളി സയ്യിദ് മിർസയുടെ മൂന്ന് ചിത്രങ്ങൾ റെട്രോസ്‌പെക്റ്റീവ് വിഭാഗത്തിൽ ഉൾപ്പെടുത്തി പ്രദർശിപ്പിക്കും.

1996ൽ രണ്ട് ദേശീയ ചലച്ചിത്രപുരസ്‌കാരങ്ങൾ നേടിയ 'നസീം', മികച്ച ഹിന്ദി ചിത്രത്തിനുള്ള 37ാമത് ദേശീയ പുരസ്‌കാരം നേടിയ 'സലീം ലാംഗ്‌ഡേ പേ മത് രോ', 'അരവിന്ദ് ദേശായി കി അജീബ് ദാസ്താൻ'  എന്നീ ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. ബാബരി മസ്ജിദ് തകർക്കപ്പെടുന്നതിനു തൊട്ടു മുമ്പുള്ള ആറു മാസങ്ങളിൽ മുംബൈയിലെ ഒരു മുസ്ലിംകുടുംബത്തിലെ നസീം എന്ന 15കാരിയും മുത്തച്ഛനും തമ്മിലുള്ള ബന്ധത്തിലൂടെ വർഗീയസംഘർഷത്തിന്റെ തീക്ഷ്ണത അവതരിപ്പിക്കുന്ന ചിത്രമാണ് 'നസീം'. നഗരങ്ങളിലെ മുസ്ലിംകളുടെ അരികുവത്കരണത്തെക്കുറിച്ചുള്ള ആഴത്തിലുള്ള പരിശോധനയാണ് സലിംപാഷ എന്ന ഭിന്നശേഷിക്കാരന്റെ കഥ പറയുന്ന 'സലീം ലാംഗ്‌ഡേ പേ മത് രോ'. വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ചുവീണ ഒരു സമ്പന്ന ബിസിനസുകാരന്റെ മകന്റെ ലക്ഷ്യബോധമില്ലാത്ത ജീവിതയാത്ര അവതരിപ്പിക്കുകയാണ് 'അരവിന്ദ് ദേശായി കി അജീബ് ദാസ്താൻ' എന്ന ചിത്രം.

പുനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് 1976ൽ ബിരുദം നേടിയ സയ്യിദ് മിർസ പുരോഗമന രാഷ്ട്രീയത്തിന്റെ ശക്തമായ അടിയൊഴുക്കുള്ള പ്രമേയങ്ങളാണ് സിനിമകൾക്ക് സ്വീകരിച്ചിരുന്നത്. നിലവിൽ കെ.ആർ.നാരായണൻ നാഷണൽ ഇൻസ്റ്റിറ്റിയുട്ട് ഓഫ് വിഷ്വൽ സയൻസ് ആന്റ് ആർട്‌സിന്റെ ചെയർമാൻ ആണ്.

Trending :