+

അസമില്‍ ഭര്‍ത്താവിനെ കൊന്ന് വീടിന്റെ പരിസരത്ത് കുഴിച്ചിട്ട 38 കാരി പിടിയില്‍

വീടിന്റെ പരിസരത്ത് അഞ്ചടി താഴ്ച്ചയുള്ള കുഴിയെടുത്ത് സബിയാലിന്റെ മൃതദേഹം മറവുചെയ്യുകയായിരുന്നു.

അസമില്‍ ഭര്‍ത്താവിനെ കൊന്ന് വീടിന്റെ പരിസരത്ത് കുഴിച്ചിട്ട 38കാരി പിടിയില്‍. കുടുംബ വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് സബിയാലിനെ ആണ് ഭാര്യ റഹീമാ ഖാത്തൂന്‍ ജൂണ്‍ 26ന് കൊലപ്പെടുത്തിയത്. ആക്രിക്കച്ചവടമായിരുന്നു സബിയാലിന്റെ ജോലി. ജോലി കഴിഞ്ഞെത്തിയ സബിയാലുമായി റഹീമ വഴക്കിടുകയും തുടര്‍ന്ന് കൊലപാതകം നടത്തുകയുമായിരുന്നു. വീടിന്റെ പരിസരത്ത് അഞ്ചടി താഴ്ച്ചയുള്ള കുഴിയെടുത്ത് സബിയാലിന്റെ മൃതദേഹം മറവുചെയ്യുകയായിരുന്നു.

ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം അദ്ദേഹം ജോലിക്കായി കേരളത്തില്‍ പോയെന്നായിരുന്നു റഹീമ നാട്ടില്‍ പ്രചരിപ്പിച്ചിരുന്നത്. എന്നാല്‍ ഏറെ നാളായിട്ടും സബിയാലിനെ കുറിച്ച് വിവരം ലഭിക്കാത്തതിനാല്‍ സബിയാലിന്റെ സഹോദരന്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതി നല്‍കിയ തൊട്ടടുത്ത ദിവസം തന്നെ റഹീമ പൊലീസ് സ്റ്റേഷനിലെത്തി.
പൊലീസ് സ്റ്റേഷനില്‍ നടത്തിയ ആദ്യ ചോദ്യം ചെയ്യലില്‍ തന്നെ റഹീമാ ഖാത്തൂന്‍ കുറ്റസമ്മതം നടത്തുകയായിരുന്നു.

ജൂണ്‍ 26-ന് രാത്രിയുണ്ടായ വഴക്കിനിടെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയതായി റഹീമ സമ്മതിച്ചു. ഭര്‍ത്താവ് മദ്യപിച്ചിരുന്നതായും ഇരുവരും പരസ്പരം ആക്രമിച്ചിരുന്നതായും റഹീമ പറഞ്ഞു. ഇത്രയും വലിയ കുഴിയെടുത്ത് മൃതദേഹം ഉപേക്ഷിക്കാന്‍ ഒരു സ്ത്രീക്ക് ഒറ്റയ്ക്ക് സാധിക്കില്ല എന്നും കൊലപാതകത്തില്‍ മറ്റാര്‍ക്കെങ്കിലും കൂടി പങ്കുണ്ടോ എന്ന് പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു. അതേ സമയം സബിയാലിന്റെ മൃതദേഹം പുറത്തെടുത്ത് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു.

facebook twitter