ടൂറിസ്റ്റ് ഫാമിലി പോലെ ഞെട്ടാൻ ഒരുങ്ങിക്കോളൂ;മികച്ച പ്രതികരണം നേടി ത്രീ ബിഎച്ച്കെ

06:55 PM Jul 03, 2025 | Kavya Ramachandran

 ശ്രീ ഗണേഷ്  സിദ്ധാർഥിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ത്രീ ബിഎച്ച്കെ'. ഒരു ഫാമിലി ഡ്രാമയായി ഒരുങ്ങുന്ന സിനിമയുടെ ട്രെയ്‌ലർ നേരത്തെ പുറത്തുവന്നിരുന്നു. മികച്ച പ്രതികരണമായിരുന്നു ട്രെയിലറിന് ലഭിച്ചത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ സ്പെഷ്യൽ പ്രിവ്യു ഷോ തമിഴ്നാട്ടിൽ നടന്നിരുന്നു. മികച്ച പ്രതികരണമാണ് ഈ ഷോയ്ക്ക് ശേഷം സിനിമയ്ക്ക് ലഭിക്കുന്നത്. ഈ വർഷത്തെ മികച്ച സിനിമയെന്നാണ് ചിത്രം കണ്ടിറങ്ങിയവർ വിശേഷിപ്പിക്കുന്നത്.

ടൂറിസ്റ്റ് ഫാമിലിയ്ക്ക് ശേഷം ഈ സിനിമ പ്രേക്ഷകരുടെ ഹൃദയം കവരുമെന്നും ചിത്രം ബോക്സ് ഓഫീസിൽ വലിയ വിജയം നേടുമെന്നുമാണ് പലരും എക്സിൽ കുറിക്കുന്നത്. ചിത്രത്തിലെ സിദ്ധാർഥിന്റെയും ശരത്കുമാറിന്റെയും പ്രകടനങ്ങൾക്ക് കയ്യടികൾ ലഭിക്കുന്നത്. പുതിയ വീട് വാങ്ങാനായി ഒരു മിഡിൽ ക്ലാസ് കുടുംബം നടത്തുന്ന ശ്രമങ്ങളാണ് സിനിമയുടെ ഇതിവൃത്തമെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. ചിത്രത്തിലെ കഥ എല്ലാ മിഡിൽ ക്ലാസ് കുടുംബങ്ങൾക്കും റിലേറ്റ് ചെയ്യാൻ കഴിയുമെന്നും സിനിമയിലെ ഇമോഷണൽ സീനുകൾ പ്രേക്ഷകരെ ആഴത്തിൽ സ്പർശിക്കുമെന്നും അഭിപ്രായങ്ങൾ വരുന്നുണ്ട്. ജൂലൈ നാലിനാണ് ചിത്രം പുറത്തിറങ്ങുന്നത്.ദേവയാനി, മീത്ത രഘുനാഥ്, ചൈത്ര ജെ ആച്ചാർ, യോഗി ബാബു, സുബ്ബു പഞ്ചു തുടങ്ങിയവരാണ് സിനിമയിലെ മറ്റു അഭിനേതാക്കൾ. ദുൽഖർ സൽമാന്റെ വേഫറർ ഫിലിംസ് ആണ് സിനിമ കേരളത്തിലെത്തിക്കുന്നത്.