+

ബംഗളൂരുവില്‍ കാറിന് മുകളിലേക്ക് കണ്ടെയ്നര്‍ ലോറി മറിഞ്ഞ് ഒരു കുടുംബത്തിലെ ആറ് പേര്‍ മരിച്ചു

ബംഗളൂരുവില്‍ കാറിന് മുകളിലേക്ക് കണ്ടെയ്നര്‍ ലോറി മറിഞ്ഞ് ഒരു കുടുംബത്തിലെ ആറ് പേര്‍ മരിച്ചു


 ബംഗളൂരുവില്‍ കാറിന് മുകളിലേക്ക് കാര്‍ഗോ കണ്ടെയ്നര്‍ ലോറി മറിഞ്ഞ് വീണ് ഒരുകുടുംബത്തിലെ ആറ് പേര്‍ മരിച്ചു. ബംഗളൂരു ദേശീയപാതയിലെ നെലമംഗലത്ത് വച്ചാണ് അപകടം ഉണ്ടായത്. രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു അപകടം.

കണ്ടെയ്നര്‍ ലോറി മറ്റൊരു ലോറിയില്‍ ഇടിച്ച് നിയന്ത്രണം വിട്ട് അടുത്ത ട്രാക്കിലുണ്ടായിരുന്ന കാറിന് മുകളിലേക്ക് മറിയുകയായിരുന്നു. കാറിനകത്ത് യാത്ര ചെയ്ത വിജയപുരം സ്വദേശികളായ വ്യവസായിയും ഭാര്യയും മക്കളുമാണ് അപകടത്തില്‍ മരിച്ചത്. ആറ് പേരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. അപകടത്തെ തുടര്‍ന്ന് ബംഗളൂരു- തുംകുരു ദേശീയപാതയില്‍ പത്തുകിലോമീറ്ററോളം ദുരത്തില്‍ ഗതാഗതസ്തംഭനം ഉണ്ടായി.

ആഡംബര വോള്‍വോ കാറിന് മുകളിലേക്കാണ് കണ്ടെയ്നര്‍ മറിഞ്ഞത്. കണ്ടെയ്നര്‍ മുകളിലേക്ക് മറിഞ്ഞതിന് പിന്നാലെ കാര്‍ പൂര്‍ണമായും തകര്‍ന്നു. നാട്ടുകാരും പൊലീസും അഗ്‌നിരക്ഷാസേനയും ചേര്‍ന്നാണ് ഇവരെ കാറില്‍ നിന്ന് പുറത്തെടുത്തത്. മൃതദേഹങ്ങള്‍ നെലമംഗല സര്‍ക്കാര്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.

facebook twitter