
എംആർഐ സ്കാനിങ് മുറിയിലേക്ക് അനുമതിയില്ലാതെ കയറിയ 61-കാരന് ദാരുണാന്ത്യം. യുഎസ്സിലെ ന്യൂയോർക്കിലെ ലോങ് ഐലൻഡിലുള്ള വെസ്റ്റ്ബറിയില്‍ പ്രാദേശികസമയം ബുധനാഴ്ച വൈകീട്ട് നാലരയ്ക്കാണ് സംഭവം.ലോഹനിർമിതമായ വലിയ മാല കഴുത്തില്‍ ധരിച്ചുകൊണ്ടാണ് ഇയാള്‍ സ്കാനിങ് മുറിയിലേക്ക് അനുവാദമില്ലാതെ കയറിയത്. തുടർന്ന് പ്രവർത്തിച്ചുകൊണ്ടിരിക്കുകയായിരുന്ന എംആർഐ മെഷീൻ ഇയാളെ വലിച്ചെടുക്കുകയായിരുന്നു.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇയാളെ സമീപത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു. ഏതുതരത്തിലുള്ള പരിക്കാണ് ഇയാള്‍ക്ക് സംഭവിച്ചതെന്ന് വ്യക്തമല്ല. സംഭവത്തില്‍ വിശദമായ അന്വേഷണം അധികൃതർ ആരംഭിച്ചിട്ടുണ്ട്. എങ്ങനെയാണ് ഇയാള്‍ക്ക് എംആർഐ സ്കാനിങ് മുറിയിലേക്ക് കയറാൻ കഴിഞ്ഞതെന്ന് വ്യക്തമല്ല.