പത്തനംതിട്ടയിൽ കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച കേസ്; പ്രതി കുറ്റക്കാരനെന്ന് കോടതി

03:45 PM Apr 10, 2025 | AJANYA THACHAN

പത്തനംതിട്ടയിൽ കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച കേസിൽ പ്രതി കുറ്റക്കാരൻ. കായംകുളം സ്വദേശി നൗഫൽ ആണ് പ്രതി. പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് വിധി. 2020 സെപ്റ്റംബർ അഞ്ചിനാണ് കോവിഡ് കെയർ സെന്ററിലേക്ക് കൊണ്ടുപോകും വഴി ആറന്മുളയിലെ മൈതാനത്ത് വെച്ച് ആംബുലൻസിൽ ഇയാൾ രോഗിയെ പീഡിപ്പിക്കുന്നത്. 

പ്രതി നൗഫലിന് മാതൃകാപരമായ ശിക്ഷ നൽകണമെന്നാണ് പ്രോസിക്യുഷന്റെ ആവശ്യം. പത്തനംതിട്ട നഗരത്തില്‍ നിന്ന് കോഴഞ്ചേരിയിലെ കോവിഡ് കെയര്‍ സെന്ററിലേക്ക് പോകുന്നതിനിടയിലായിരുന്നു പീഡനം നടന്നത്. യാത്രാമധ്യേ വിജനമായ സ്ഥലത്തെത്തിയപ്പോൾ പീഡിപ്പിക്കുകയായിരുന്നു. പിന്നീട് ആശുപത്രിയിലെത്തിയ ഉടനെ പെൺകുട്ടി പീ‍ഡന വിവരം വെളിപ്പെടുത്തി. പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുകയും ജോലിയിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തിരുന്നു.