അരയാഞ്ഞിലി മണ്ണിലെ ദുരിതത്തിന് പുതിയ പാലം നിര്‍മാണത്തിലൂടെ പരിഹാരം : മന്ത്രി ഒ ആര്‍ കേളു

12:50 PM Sep 12, 2025 | AVANI MV

പത്തനംതിട്ട : പമ്പയില്‍ ജലനിരപ്പ് ഉയരുമ്പോള്‍ മലയോരമേഖലയായ അരയാഞ്ഞിലിമണ്‍  ഒറ്റപ്പെട്ടുപോകുന്നതിന് പുതിയ പാലം നിര്‍മാണത്തിലൂടെ പരിഹാരമാകുമെന്ന് പട്ടികജാതി-പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രി ഒ. ആര്‍. കേളു. അരയാഞ്ഞിലിമണ്‍ പാലം നിര്‍മാണോദ്ഘാടനം അരയാഞ്ഞിലിമണ്‍ സര്‍ക്കാര്‍ എല്‍ പി സ്‌കൂളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കും. ഇതുമായി ബന്ധപ്പെട്ട് പ്രമോദ് നാരായണ്‍ എംഎല്‍എ നടത്തിയ പ്രവര്‍ത്തനം മാതൃകാപരമാണ്. റോഡ്, സ്‌കൂള്‍, ആശുപത്രി തുടങ്ങി എല്ലാ മേഖലയിലും വ്യക്തമായ ദിശാബോധത്തോടെ ഇടപെട്ട്  സര്‍ക്കാര്‍ സംസ്ഥാനത്തെ വികസനപാതയില്‍ അതിവേഗം മുന്നോട്ട് നയിച്ചു. അതിദരിദ്രരെ കണ്ടെത്തി പരിരക്ഷിക്കുന്നതിന് പ്രവര്‍ത്തനം നടത്തി.  മാലിന്യനീക്കത്തിന് ഹരിതകര്‍മസേന രൂപീകരിച്ചു. അഭ്യസ്തവിദ്യരായവര്‍ക്ക് വിജ്ഞാന കേരളം പദ്ധതിയിലൂടെ തൊഴില്‍ ലഭ്യമാക്കി.

ശബരിമലയിലേക്ക് രാജ്യത്തെ വിവിധയിടങ്ങളില്‍ നിന്ന് തീര്‍ഥാടകര്‍ക്ക് അനായാസം എത്തിചേരുന്നതിന് വിമാനത്താവളത്തിന്റെ നിര്‍മാണവുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നുവെന്നും മന്ത്രി പറഞ്ഞു.അട്ടത്തോട് ട്രൈബല്‍ സ്‌കൂള്‍ ഉള്‍പ്പെടെ ആദിവാസി മേഖലയ്ക്ക് പ്രധാന്യം നല്‍കിയുള്ള പ്രവര്‍ത്തനങ്ങള്‍ സാധ്യമായതായി അധ്യക്ഷനായ പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു.  റാന്നി പെരുനാട്ടിലെ അരയാഞ്ഞിലിമണ്‍, കിസുമം ഉന്നതികള്‍ക്ക് അബേദ്കര്‍ സെറ്റില്‍മെന്റ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരുകോടി രൂപ വീതം അനുവദിച്ചതായും എംഎല്‍എ പറഞ്ഞു. 

പട്ടികവര്‍ഗ വകുപ്പ് കോര്‍പ്പസ് ഫണ്ടില്‍ നിന്ന് 2.69 കോടി രൂപ ചെലവഴിച്ചാണ് സ്റ്റീല്‍ പാലം നിര്‍മിക്കുന്നത്. ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ മുഖ്യാതിഥിയായി. റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. എസ്. ഗോപി, പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. എസ്. മോഹനന്‍, ജില്ലാ പഞ്ചായത്തംഗം ലേഖ സുരേഷ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി. ശ്രീകല, ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ എസ്. എ. നജിം, സംസ്ഥാന പട്ടികവര്‍ഗ ഉപദേശക സമിതി അംഗം ജി. രാജപ്പന്‍, റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ബി. ആര്‍. ജയന്‍, ഊര് മൂപ്പന്‍ ടി. കെ. ജോസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പട്ടികവര്‍ഗ വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഷുമിന്‍ എസ് ബാബു റിപ്പോര്‍ട്ട് അവതരിപ്പിച്ചു.