തെരഞ്ഞെടുപ്പ് പ്രചാരണം; ആളില്ലാത്ത വീട്ടിൽ സിസിടിവി ക്യാമറയിലൂടെ വോട്ട് അഭ്യർത്ഥനയുമായി സ്ഥാനാർഥി

09:49 PM Dec 07, 2025 |


തിരുവല്ല : തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ലാപ്പിൽ ആളില്ലാത്ത വീട്ടിൽ സിസിടിവി ക്യാമറയിലൂടെ വോട്ട് അഭ്യർത്ഥനയുമായി എൻഡിഎ സ്ഥാനാർഥി. ജില്ലാ പഞ്ചായത്ത് കോയിപ്രം ഡിവിഷനിൽ നിന്നും മത്സരിക്കുന്ന ലളിതാ പ്രസാദും ഒപ്പം എത്തിയവരും ആണ് ഇരവിപേരൂർ പതിനഞ്ചാം വാർഡിൽ വല്ലോലി മണ്ണിൽ വീട്ടിൽ അനീഷിന്റെ വീട്ടിലെത്തി സിസിടിവിലൂടെ വോട്ട് അഭ്യർത്ഥന നടത്തിയത്.  

കൊട്ടിക്കലാശ ദിവസമായ ഞായറാഴ്ച ആഘോഷങ്ങളിൽ നിന്നും ഒഴിവായി വീടു വീടാന്തരം കയറിയിറങ്ങി വോട്ട് അഭ്യർത്ഥിക്കുന്ന തിരക്കിലായിരുന്നു സ്ഥാനാർത്ഥിയും ഒപ്പം ഉള്ളവരും. ഈ കൂട്ടത്തിലാണ് അനീഷിന്റെ വീട്ടിലും എത്തിയത്. സകുടുംബം വിദേശത്ത് താമസിക്കുന്ന അനീഷിന്റെ മാതാവ് മാത്രമാണ് വീട്ടിൽ താമസം.

സ്ഥാനാർത്ഥിയും സംഘവും എത്തിയപ്പോൾ മാതാവും വീട്ടിൽ ഉണ്ടായിരുന്നില്ല. ഇതോടെയാണ് വീടിൻറെ ഗേറ്റിനോട് ചേർന്ന് സ്ഥാപിച്ച സിസിടിവിയിലൂടെ ഒപ്പമുണ്ടായിരുന്ന പ്രവർത്തകനാണ് വോട്ട് അഭ്യർത്ഥന നടത്തിയത്. വ്യത്യസ്തമായ വോട്ട് അഭ്യർത്ഥന കണ്ട് ഇതുവഴി സ്കൂട്ടർ യാത്രക്കാരിയാണ് ദൃശ്യങ്ങൾ പകർത്തി സ്ഥാനാർത്ഥി ലളിതാ പ്രസാദിന് അയച്ചു നൽകിയത്