+

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച 17 വയസുകാരന്‍ രോഗവിമുക്തനായി

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച്‌ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന 17 വയസ്സുകാരന്‍ രോഗവിമുക്തനായി.അമീബയും ഫംഗസും രോഗിയുടെ തലച്ചോറിനെ ബാധിച്ചിരുന്നു.

കോഴിക്കോട്:അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച്‌ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന 17 വയസ്സുകാരന്‍ രോഗവിമുക്തനായി.അമീബയും ഫംഗസും രോഗിയുടെ തലച്ചോറിനെ ബാധിച്ചിരുന്നു.

കൃത്യമായ ചികിത്സയിലൂടെയാണ് രോഗിയെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നതെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു. ലോകത്ത് തന്നെ ഇത്തരം തിരിച്ചുവരവ് അപൂര്‍വ്വമാണെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് നിലവില്‍ 22 പേരാണ് രോഗം ബാധിച്ച്‌ ചികിത്സയിലുള്ളത്.

കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങി കുളിക്കുന്നവരിലും നീന്തുന്നവരിലും വളരെ അപൂർവമായി ഉണ്ടാകുന്ന രോഗ ബാധയാണ് അമീബിക് മസ്തിഷ്‌ക ജ്വരം അഥവാ അമീബിക് എൻസെഫലൈറ്റിസ്. നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ ,സാപ്പിനിയ, ബാലമുത്തിയ വെർമമീബ എന്നീ അമീബ വിഭാഗത്തിൽപ്പെട്ട രോഗാണുക്കൾ തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്.

മൂക്കിനേയും മസ്തിഷ്‌കത്തേയും വേർതിരിക്കുന്ന നേർത്ത പാളിയിലുള്ള സുഷിരങ്ങൾ വഴിയോ കർണ്ണ പടലത്തിലുണ്ടാകുന്ന സുഷിരം വഴിയോ അമീബ തലച്ചോറിലേക്ക് കടക്കുകയും മെനിഞ്ചോ എൻസെഫലൈറ്റിസ് ഉണ്ടാക്കുകയും ചെയ്യുന്നു. 97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്. രോഗം മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരില്ല. വെള്ളത്തിലിറങ്ങുമ്പോൾ അടിത്തട്ടിലെ ചെളിയിലുള്ള അമീബ വെള്ളത്തിൽ കലങ്ങുകയും മൂക്കിലൂടെ ശരീരത്തിൽ പ്രവേശിക്കുകയും ചെയ്യുന്നു. രോഗാണുബാധ ഉണ്ടായാൽ ഒന്ന് മുതൽ ഒൻപത് ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകും.

പ്രാഥമിക ലക്ഷണങ്ങൾ

തീവ്രമായ തലവേദന, പനി, ഓക്കാനം, ഛർദ്ദി, കഴുത്ത് തിരിക്കാൻ ബുദ്ധിമുട്ട്, വെളിച്ചത്തിലേക്ക് നോക്കാനുള്ള ബുദ്ധിമുട്ട്   

കുഞ്ഞുങ്ങളിൽ പൊതുവായി കാണപ്പെടുന്ന ലക്ഷണങ്ങൾ

ഭക്ഷണം കഴിക്കാനുള്ള വിമുഖത, നിഷ്‌ക്രിയരായി കാണപ്പെടുക, സാധാരണമല്ലാത്ത പ്രതികരണങ്ങൾ

രോഗം ഗുരുതരാവസ്ഥയിലായാൽ അപസ്മാരം, ബോധക്ഷയം, ഓർമ്മക്കുറവ് എന്നിവയുണ്ടാകുന്നു. രോഗലക്ഷണങ്ങൾ പ്രകടമായാൽ എത്രയും വേഗം ചികിത്സ ലഭ്യമാക്കണം. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കുകയോ നീന്തുകയോ ചെയ്തവർ ആ വിവരം ഡോക്ടറെ അറിയിക്കണം.

facebook twitter