22 കാരിയെ ഭര്‍ത്തൃ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ; ദുരൂഹത ആരോപിച്ച് കുടുംബം

07:00 AM Jul 04, 2025 |


പാലക്കാട് ഒറ്റപ്പാലം കീഴൂരില്‍ 22 കാരിയെ ഭര്‍ത്തൃ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. കീഴൂര്‍ കല്ലുവെട്ട് കുഴിയില്‍ സുര്‍ജിത്തിന്റെ ഭാര്യ സ്‌നേഹയാണ് കഴിഞ്ഞ ദിവസം ജീവനൊടുക്കിയത്. അതേസമയം മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് ആരോപിച്ച് സ്‌നേഹയുടെ വീട്ടുകാര്‍ രംഗത്തെത്തി. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.


ഒറ്റപ്പാലം മനിശ്ശേരി സ്വദേശിനിയായ സ്‌നേഹയും കീഴൂര്‍ സ്വദേശിയായ സുര്‍ജിത്തും തമ്മില്‍ പ്രണയിച്ച് വിവാഹം ചെയ്തത് രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പാണ്. കോതകൂര്‍ശ്ശിയിലെ സ്വകാര്യ ക്ലിനിക്കില്‍ നേഴ്‌സായ സ്‌നേഹ ഇന്നലെ രാത്രി പത്തര മണിയോടെയാണ് ഡ്യൂട്ടി കഴിഞ്ഞ് ഭര്‍ത്താവിന്റെ വീട്ടിലെത്തിയത്. ഇതിനുശേഷം രാത്രി 12: 15 വരെ ബന്ധുക്കള്‍ സ്‌നേഹയെ വാട്ട്‌സ്ആപ്പില്‍ ഓണ്‍ലൈനില്‍ കണ്ടിട്ടുണ്ട്.

പിറ്റേന്ന് രാവിലെ ഏഴുമണിയോടെയാണ് സ്‌നേഹയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സ്‌നേഹയും ഭര്‍ത്താവും സുര്‍ജിത്തും ഒരേ മുറിയിലാണ് കിടന്നിരുന്നത്. ഭര്‍ത്താവ് ഉറങ്ങിയതിനുശേഷം സ്‌നേഹ തൊട്ടടുത്ത റൂമില്‍ കയറി ഷോള്‍ ഉപയോഗിച്ച് തൂങ്ങിയതാണെന്നാണ് ഭര്‍ത്താവ് പൊലീസിന് മൊഴി നല്‍കിയത്. അതേസമയം സ്‌നേഹ തൂങ്ങി നില്‍ക്കുന്നത് കണ്ടിട്ടും സുര്‍ജിത് ആശുപത്രിയില്‍ കൊണ്ടു പോയില്ലെന്നാണ് വീട്ടുകാരുടെ പരാതി.
പൊലീസ് എത്തും മുമ്പേ ഷോള്‍ അറുത്തുമാറ്റിയ നിലയിലായിരുന്നു. യുവതിയുടെ വീട്ടുകാരെ വിവരം അറിയിച്ചില്ലെന്നും പരാതിയുണ്ട്. യുവതിയുടെ മരണം ആത്മഹത്യ ആണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ മറ്റ് ദുരൂഹതകള്‍ ഒന്നും നിലവില്‍ കണ്ടെത്താനായിട്ടില്ല.