പന്നിയുടെ ആക്രമണത്തിൽ ശബരിമല ദർശനത്തിന് എത്തിയ 9 വയസുകാരന് പരിക്ക്

09:36 PM Dec 21, 2024 | Litty Peter

ശബലിമല: ശബരിമല ദർശനത്തിന് എത്തിയ 9 വയസുകാരന് സന്നിധാനത്ത് വച്ച് പന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റു. ആലപ്പുഴ പഴവീട് മച്ചിങ്ങ പറമ്പിൽ മനോജിൻ്റെ മകൻ ശ്രീഹരിക്കാണ് പരിക്കേറ്റത്. സന്നിധാനം കെഎസ്ഇബി ഓഫീസിന് എതിർവശത്ത് വെച്ച് ശനിയാഴ്ച വൈകിട്ട് ആറരയോടെ ആയിരുന്നു സംഭവം.

പിതാവ് മനോജ് അടങ്ങുന്ന ഇരുപത്തിയൊന്നംഗ സംഘത്തോടൊപ്പം ദർശനത്തിനായി എത്തിയതായിരുന്നു ശ്രീഹരി. മരക്കൂട്ടത്തു നിന്നും ശരംകുത്തി വഴി എത്തി വലിയ നടപ്പന്തൽ ഭാഗത്തേക്ക് ഇറങ്ങവെ പാഞ്ഞെത്തിയ പന്നി ആക്രമിക്കുകയായിരുന്നു.

വലതുകാലിന്റെ മുട്ടിന് മുകളിലായി ഗുരുതര പരിക്കേറ്റ ശ്രീഹരിയെ സന്നിധാനം ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടാഴ്ച മുമ്പ് പോലീസ് ബാരക്കിൽ നിന്നും ഉച്ച ഭക്ഷണം കഴിച്ചിറങ്ങിയ കണ്ണൂർ സ്വദേശിയായ എഎസ്ഐയ്ക്ക് പന്നിയുടെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റിരുന്നു.