+

ഫോട്ടോയെടുക്കാനെന്ന് പറഞ്ഞ് ഒരു സംഘം ആളുകള്‍ കൂടാരത്തിലേക്ക് അതിക്രമിച്ചു കയറി, സഹോദരനെ ആക്രമിച്ചു ; വൈറലായ മാലവില്‍പ്പനക്കാരി പറയുന്നു

സഹോദരനെ അവര്‍ ആക്രമിച്ചെന്നും പെണ്‍കുട്ടി ആരോപിച്ചു.

ഫോട്ടോയെടുക്കാനെന്ന് പറഞ്ഞ് ഒരു സംഘം ആളുകള്‍ തങ്ങള്‍ താമസിക്കുന്ന കൂടാരത്തിലേക്ക് അതിക്രമിച്ചു കയറിയെന്ന് മഹാകുംഭമേളയ്ക്കിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായ മാല വില്‍പനക്കാരി മൊണാലിസ. തന്റെ കൂടെ ഫോട്ടോയെടുക്കാനായി അച്ഛന്‍ പറഞ്ഞയച്ചതാണെന്ന് അവകാശപ്പെട്ടാണ് അവര്‍ എത്തിയത്. തന്റെ സഹോദരനെ അവര്‍ ആക്രമിച്ചെന്നും പെണ്‍കുട്ടി ആരോപിച്ചു.

കൂടാരത്തില്‍ ആരുമില്ലാതിരുന്ന സമയത്താണ് സംഘം എത്തിയതെന്ന് പെണ്‍കുട്ടി പറയുന്നു. വൈദ്യുതിയും ഉണ്ടായിരുന്നില്ല. ഫോട്ടോയെടുക്കാന്‍ തന്റെ അച്ഛന്‍ പറഞ്ഞയച്ചതാണെന്നാണ് അവര്‍ പറഞ്ഞത്. ഫോട്ടോയെടുക്കാന്‍ താന്‍ വിസമ്മതിച്ചു. അച്ഛന്‍ അയച്ചതാണെങ്കില്‍ അച്ഛന്റെയടുത്തേക്ക് പോകണമെന്ന് താന്‍ പറഞ്ഞു. സംഘം ഒരുമിച്ചെത്തിയപ്പോള്‍ താന്‍ ശരിക്കും ഭയന്നു. ആര്‍ക്കും തന്നെ ഉപദ്രവിക്കാം എന്നതായിരുന്നു അവസ്ഥ. ആളുകള്‍ ബലംപ്രയോഗിച്ച് കൂടാരത്തില്‍ കയറുന്ന സാഹചര്യമാണെന്നും പെണ്‍കുട്ടി പറഞ്ഞു.


ഈ സമയം ബഹളം കേട്ട് അച്ഛന്‍ അവിടേയ്ക്ക് വന്നുവെന്നും പെണ്‍കുട്ടി പറഞ്ഞു. അച്ഛന്‍ അവരെ ഫോട്ടോയെടുക്കാന്‍ പറഞ്ഞുവിട്ടതൊന്നുമായിരുന്നില്ല. അവര്‍ പറഞ്ഞത് കള്ളമാണെന്ന് അച്ഛന്‍ പറഞ്ഞു. താമസസ്ഥലത്ത് അതിക്രമിച്ചുകയറിയതില്‍ അച്ഛന്‍ അവരോട് ദേഷ്യപ്പെട്ടു. ഈ സമയം സഹോദരനും അവിടേയ്ക്ക് എത്തി. അവര്‍ പകര്‍ത്തിയ തന്റെ ഫോട്ടോകള്‍ ഡിലീറ്റ് ചെയ്യാനായി സഹോദരന്‍ ഫോണ്‍ തട്ടിപ്പറിക്കാന്‍ ശ്രമിച്ചു. ഇതോടെ ഒന്‍പതംഗസംഘം സഹോദരനെ ആക്രമിച്ചുവെന്നും മൊണാലിസ ആരോപിച്ചു.

facebook twitter