യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ എളിമയുടെയും പൊതുജനങ്ങളോടുള്ള പെരുമാറ്റവും തെളിയിക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പൊതുജനങ്ങളോടുള്ള അദ്ദേഹത്തിന്റെ ഊഷ്മളമായ പെരുമാറ്റം കൊണ്ട് പലപ്പോഴും ശ്രദ്ധേയനാകാറുണ്ട്.
ദുബൈയിലെ ഒരു മാളിലൂടെ ശൈഖ് മുഹമ്മദ് അകമ്പടി സംഘത്തോടൊപ്പം നടന്നുപോവുകയായിരുന്നു. പൊതുസ്ഥലങ്ങളില്‍ അദ്ദേഹത്തെ കാണുന്നത് സാധാരണമായതിനാല്‍, ആദരസൂചകമായി ആളുകള്‍ വഴിമാറി കൊടുക്കുന്നത് പതിവാണ്. എന്നാല്‍ ഈ വീഡിയോയില്‍ ഭരണാധികാരിയാണ് മുന്നില്‍ വരുന്നത് എന്ന് ശ്രദ്ധിക്കാതെ ഒരു സ്ത്രീ തന്റെ വഴിയില്‍ നിന്ന് മുന്നോട്ട് നടന്നുകയറാന്‍ ശ്രമിച്ചു. ഒരു കടയിലേക്കോ മറ്റോ ശ്രദ്ധിച്ചിരുന്ന സ്ത്രീ, തൊട്ടുമുന്നില്‍ യുഎഇ ഭരണാധികാരിയാണെന്ന് അറിഞ്ഞിരുന്നില്ല.
മാളിലെത്തിയ മറ്റൊരു സന്ദര്‍ശകന്‍ ചിത്രീകരിച്ച ഈ വീഡിയോയില്‍, ഒരു കടയിലേക്ക് ശ്രദ്ധിച്ച് മുന്നോട്ട് നോക്കി നടക്കുന്ന സ്ത്രീ, ഭരണാധികാരി ഏതാനും അടി അകലെയായിരിക്കുമ്പോള്‍ തന്നെ അകമ്പടി സംഘത്തിന് കുറുകെ കടക്കാന്‍ ശ്രമിക്കുന്നു. ഇവരെ തടയാനോ, വഴിയില്‍ നിന്ന് മാറ്റാനോ ശൈഖ് മുഹമ്മദിന്റെ ജീവനക്കാര്‍ ശ്രമിക്കുന്നതിനിടെ, ശൈഖ് മുഹമ്മദ് അകമ്പടി സംഘത്തെ തന്റെ ഊന്നുവടി ഉപയോഗിച്ച് തടയുകയും, സംഘാംഗങ്ങളോട് അവിടെ നില്‍ക്കാന്‍ ആംഗ്യം കാണിക്കുകയും ചെയ്തു. സ്ത്രീക്ക് തടസ്സമില്ലാതെ കടന്നുപോകാന്‍ അദ്ദേഹം അവസരം നല്‍കുകയായിരുന്നു. ആ സ്ത്രീ നടന്നുപോയ ശേഷം മാത്രമാണ് അദ്ദേഹം മുന്നോട്ടുള്ള നടത്തം പുനരാരംഭിച്ചത്.