തളിപ്പറമ്പ്: ലോകത്തെ അമ്പരപ്പിച്ച റെക്കോർഡുകളുടെ പുസ്തകമായ ഗിന്നസ് വേൾഡ് റെക്കോർഡ്സ് 70 വർഷം പൂർത്തിയാക്കുന്ന വേളയിൽ, പുസ്തകവുമായി ബന്ധപ്പെട്ട അപൂർവ്വ ശേഖരങ്ങളാൽ ശ്രദ്ധേയനാവുകയാണ് കണ്ണൂർ ജില്ലയിലെ ആലക്കോട് സ്വദേശി നോബി കുറിയാലപ്പുഴ. ഗിന്നസ് റെക്കോർഡ് ബുക്കുകളുടെ വാർത്താശേഖരത്തിന് പുറമെ, പഴയ നാണയങ്ങളും സ്റ്റാമ്പുകളും വിവിധ രാജ്യങ്ങളിലെ കറൻസികളും ഉൾപ്പെടെയുള്ള പുരാവസ്തുക്കളുടെ ഒരു വലിയ ശേഖരം ഇദ്ദേഹത്തിന്റെ കൈവശമുണ്ട്.
1955 ലാണ് ആദ്യത്തെ ലക്കം ഗിന്നസ് ബുക്ക് പുറത്തിറക്കിയത്. 1980 വരെ വലുപ്പം കുറഞ്ഞ ബുക്കുകളാണ് പുറത്തിറക്കിയത്. ലോക റെക്കോർഡുകളെ അടുത്തറിയുന്നതിലും അവ ശേഖരിക്കുന്നതിലും കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി താൽപര്യം പുലർത്തുന്ന വ്യക്തിയാണ് നോബി.
ഇദ്ദേഹത്തിന്റെ ശേഖരത്തിലെ ഏറ്റവും വലിയ ആകർഷണം, ഗിന്നസ് വേൾഡ് റെക്കോർഡ് ബുക്കിന്റെ ആദ്യകാലത്തെ രണ്ട് പതിപ്പുകളാണ്.
1977 ലെ ചെറിയ ഗിന്നസ് ബുക്കും 1982 ലെ വലിയ ഗിന്നസ് ബുക്കും നോബിയുടെ ശേഖരത്തിൽ ഉണ്ട്. ചരിത്രപരമായ മൂല്യം വിളിച്ചോതുന്ന ഈ പതിപ്പുകൾ നിധി പോലെയാണ് നോബി സൂക്ഷിക്കുന്നത്. ഇത് കൂടാതെ, ഗിന്നസ് റെക്കോർഡുകൾ സ്ഥാപിക്കുന്നതിനെക്കുറിച്ചും റെക്കോർഡ് ഉടമകളെക്കുറിച്ചും ലോകമെമ്പാടുമുള്ള പ്രസിദ്ധീകരണങ്ങളിൽ വന്ന നൂറുകണക്കിന് വാർത്താ ക്ലിപ്പിംഗുകൾ ഇദ്ദേഹം സൂക്ഷിക്കുന്നു.
ഈ വാർത്താശേഖരം ഒരു പ്രത്യേക ആൽബത്തിൽ കാലക്രമത്തിൽ അടുക്കി വച്ചിരിക്കുന്നത് ആരെയും വിസ്മയിപ്പിക്കുന്നതാണ്. അതിരുകളില്ലാത്ത മനുഷ്യന്റെ നേട്ടങ്ങളെയും ചരിത്രത്തിന്റെ ശേഷിപ്പുകളെയും അടുത്ത തലമുറയ്ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ അമൂല്യ ശേഖരങ്ങൾ താൻ സൂക്ഷിക്കുന്നതെന്ന് നോബി കൂട്ടിച്ചേർത്തു.
