വളര്‍ത്തുനായയുടെ ആക്രമണം ; ഏഴു മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

04:37 AM Apr 15, 2025 | Suchithra Sivadas

 7 മാസം പ്രായമുള്ള പെണ്‍കുഞ്ഞിന് നായയുടെ ആക്രമണത്തില്‍ ദാരുണാന്ത്യം. അമേരിക്കയിലെ ഓഹിയോയിലെ ഫ്രാങ്ക്‌ലിന്‍ കൌണ്ടിയിലാണ് സംഭവം. വീട്ടുകാര്‍ ഓമനിച്ച് വളര്‍ത്തിയിരുന്ന പിറ്റ്ബുള്‍ നായയാണ് ഏഴ് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ കടിച്ച് കൊന്നത്. എന്നാല്‍ നടന്നത് എന്താണെന്ന് വ്യക്തമല്ലെന്ന വീട്ടുകാരുടെ മൊഴിയില്‍ സംഭവത്തില്‍ അന്വേഷണത്തിനൊരുങ്ങുകയാണ് ഫ്രാങ്ക്‌ലിന്‍ കൗണ്ടി മൃഗസംരക്ഷണ വകുപ്പ് വ്യക്തമാക്കി.

മാക്കെന്‍സി കോപ്ലെ എന്ന യുവതിയാണ് ആകസ്മികമായി തങ്ങള്‍ക്ക് സംഭവിച്ച ദുരന്തത്തേക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ കുറിപ്പ് പങ്കുവച്ചത്. ഏപ്രില്‍ 9നായിരുന്നു കുഞ്ഞിനെ വളര്‍ത്തുനായ ആക്രമിച്ചത്.   മാക്കെന്‍സിയുടെ ഏഴ് മാസം പ്രായമുള്ള എലിസ ടേര്‍ണര്‍ എന്ന പെണ്‍കുഞ്ഞാണ് വളര്‍ത്തുനായയുടെ ആക്രമണത്തില്‍ മരിച്ചത്. എന്താണ് കാരണമെന്ന് മനസിലാകുന്നില്ലെന്നാണ് മാക്കെന്‍സി ഫേസ്ബുക്ക് കുറിപ്പില്‍ വിശദമാക്കുന്നത്. ഏഴ് മാസം പ്രായമുള്ള കുഞ്ഞിനൊപ്പം കളിക്കുന്ന നായയുടെ ചിത്രമടക്കമാണ് യുവതിയുടെ കുറിപ്പ്. എല്ലാ ദിവസവും കുഞ്ഞിനൊപ്പമുണ്ടായിരുന്ന നായ തന്നെയാണ് ഇത്തരമൊരു ക്രൂരത ചെയ്തതെന്ന് വിശ്വസിക്കാനാവുന്നില്ലെന്നും താന്‍ തകര്‍ന്ന അവസ്ഥയിലാണെന്നുമാണ് യുവതി കുറിക്കുന്നത്. മൂന്ന് പിറ്റ്ബുള്‍ നായകളാണ് ഈ വീട്ടുകാര്‍ക്കുള്ളത്. അടുത്തിടെയാണ് ഇവര്‍ തങ്ങളുടെ പുതിയ വീട്ടിലേക്ക് മാറിയത്. 

നായയെ പ്രകോപിപ്പിച്ചത് എന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ലെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചെറിയ കുട്ടികളുള്ള വീടുകളില്‍ പിറ്റ്ബുള്‍ ഇനത്തിലുള്ള നായകളെ വളര്‍ത്തുന്നത് അപകടകരമാണെന്ന് പലരും മുന്നറിയിപ്പ് നല്‍കുന്നു.