+

തുടര്‍ച്ചയായി ദാരുണമായ സംഭവങ്ങള്‍ ; കാന്താരയിലെ പ്രതിസന്ധി അവസാനിക്കുന്നില്ല

ഒരാഴ്ചയ്ക്കിടെ സിനിമയുടെ ഭാഗമായ രണ്ടു പേര്‍ മരണമടഞ്ഞതില്‍ ദുരൂഹത ഉയരുകയാണ്.

പ്രതീക്ഷിക്കാത്ത നിരവധി ദാരുണമായ സംഭവങ്ങള്‍ കൊണ്ട് വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ് ഋഷഭ് ഷെട്ടിയുടെ കാന്താര. തുടക്കം മുതല്‍ പല തരത്തിലുള്ള പ്രശ്‌നങ്ങളാണ് സിനിമയെ പിന്തുടര്‍ന്നുകൊണ്ടേയിരിക്കുന്നത്. സിനിമയുമായി ബന്ധപ്പെട്ട് രണ്ട് ജീവനുകള്‍ ഇല്ലാതായതിന്റെ ഞെട്ടലിലാണ് ഏവരും. കാന്താര ചാപ്റ്റര്‍ 1ല്‍ പ്രധാന വേഷത്തില്‍ എത്തുന്ന കന്നഡ താരം രാകേഷ് പൂജാരി ഹൃദയാഘാതം മൂലം മരണപ്പെട്ടു എന്ന വാര്‍ത്തയാണ് ഒടുവിലായി എത്തിയിരിക്കുന്നത്. കന്നട സിനിമാരംഗത്ത് പ്രശസ്തിയിലേക്ക് ഉയരവെയായിരുന്നു നടന്റെ അപ്രതീക്ഷിത വിയോഗം. വിശ്വരൂപ് എന്നും പേരുള്ള നടന്‍ ടിവി പ്രേക്ഷകര്‍ക്കിടയില്‍ അറിയപ്പെടുന്ന ഒരു മുഖമായിരുന്നു.


ഒരു വിവാഹാഘോഷത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് രാകേഷിനു ഹൃദയാഘാതം വന്നത്. ഉടന്‍ ആശുപത്രയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കന്നഡ - തുളു ടെലിവിഷന്‍ താരം കൂടിയായ നടന്‍ കോമഡി റിയാലിറ്റിയായ കോമഡി കില്ലാഡികളുവിലെ വിജയി കൂടിയായിരുന്ന രാകേഷ് പിന്നീട് കന്നഡ-തുളു സിനിമകളില്‍ സജീവമായി തുടങ്ങുകയായിരുന്നു. ഞായറാഴ്ച കാന്താരയുടെ ഷൂട്ട് പൂര്‍ത്തിയാക്കിയ ശേഷമാണ് മെഹന്ദി ചടങ്ങിലേക്ക് രാകേഷ് എത്തിയത്. സിനിമയില്‍ രാകേഷ് അഭിനയിക്കേണ്ടിയിരുന്ന ഭാഗങ്ങളുടെ ഷൂട്ട് പൂര്‍ത്തിയായി എന്നാണ് റിപ്പോര്‍ട്ടുകള്‍.

കാന്താരയില്‍ അഭിനയിക്കാന്‍ പോയ മലയാളി യുവാവ് കഴിഞ്ഞ ദിവസമാണ് മുങ്ങി മരിച്ചത്. ഉഡുപ്പി ജില്ലയിലെ കൊല്ലൂരില്‍ സഹപ്രവര്‍ത്തകരുമായി സൗപര്‍ണിക നദിയില്‍ കുളിക്കാന്‍ ഇറങ്ങിയ വൈക്കം സ്വദേശിയായ എം. എഫ്. കപില്‍ ആണ് വീണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ആളുകള്‍ ചേര്‍ന്ന് യുവാവിനെ ഉടന്‍ തന്നെ മുങ്ങിയെടുത്ത് അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. തെയ്യം കലാകാരന്‍ കൂടെയായ കപില്‍ ടെലിഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്. കപിലിന്റെ മരണത്തോടനുബന്ധിച്ച് സിനിമയുടെ ഷൂട്ട് താല്‍ക്കാലികമായി നിര്‍ത്തി വച്ചിരുന്നു. ഒരാഴ്ചയ്ക്കിടെ സിനിമയുടെ ഭാഗമായ രണ്ടു പേര്‍ മരണമടഞ്ഞതില്‍ ദുരൂഹത ഉയരുകയാണ്.

facebook twitter