രണ്ടര മാസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിച്ച അസം സ്വദേശിയായ പിതാവ് ഉള്‍പ്പെടെ മൂന്ന് പേരെ കുമരകം പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവമറിഞ്ഞ അമ്മയും നാട്ടുകാരും ചേര്‍ന്ന് പോലീസിനെ വിവരമറിയിച്ചതോടെയാണ് ഈ ഞെട്ടിക്കുന്ന കച്ചവടം പുറത്തായത്. കുഞ്ഞിന് അച്ഛനിട്ട വില 50,000 രൂപയായിരുന്നു. കോട്ടയം കുമ്മനത്തെ ഒരു ലോണ്‍ട്രി ഫാക്ടറിയില്‍ ജോലി ചെയ്യുന്ന അസം സ്വദേശിയായ യുവാവാണ് തന്റെ കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിച്ചത്. ഈരാറ്റുപേട്ടയില്‍ താമസിക്കുന്ന ഉത്തര്‍പ്രദേശ് സ്വദേശിയായ അര്‍മാന്‍ എന്നയാള്‍ക്കാണ് അന്‍പതിനായിരം രൂപയ്ക്ക് കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിച്ചത്. ഇടപാടില്‍ ആയിരം രൂപ അഡ്വാന്‍സും കൈപ്പറ്റിയിരുന്നു.
ഇന്നലെ കുഞ്ഞിനെ കൊണ്ടുപോകാന്‍ അര്‍മാനും ഇടനിലക്കാരനായ ഡാനിഷ്ഖാനും എത്തിയപ്പോഴാണ് കുഞ്ഞിന്റെ അമ്മ വിവരം അറിഞ്ഞത്. കുഞ്ഞിനെ വിട്ട് കൊടുക്കാന്‍ തയ്യാറാകാതിരുന്ന അമ്മ, ഒപ്പമുണ്ടായിരുന്ന ഇതരസംസ്ഥാന തൊഴിലാളികളെയും കുമ്മനത്തെ നാട്ടുകാരെയും വിവരം അറിയിച്ചു. തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ വിളിച്ചറിയിച്ചു. പൊലീസ് എത്തുന്നതിന് മുന്‍പ് കുഞ്ഞിനെ വാങ്ങാനെത്തിയവര്‍ രക്ഷപ്പെട്ടു.
നാട്ടുകാരുടെ ഇടപെടലിനെത്തുടര്‍ന്ന് കുഞ്ഞിന്റെ അച്ഛനെ പോലീസ് ഉടന്‍ തന്നെ കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തതിലൂടെയാണ് ഇടനിലക്കാരനായ ഡാനിഷ്ഖാന്‍, കുഞ്ഞിനെ വാങ്ങാനെത്തിയ അര്‍മാന്‍ എന്നിവരെക്കുറിച്ച് വിവരം ലഭിച്ചത്. തുടര്‍ന്ന് ഇവരെ ഈരാറ്റുപേട്ടയില്‍ നിന്ന് പോലീസ് പിടികൂടി. വിശദമായ ചോദ്യം ചെയ്യലില്‍ മൂന്ന് പേരും കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിച്ച കാര്യം സമ്മതിച്ചിട്ടുണ്ട്. മൂന്ന് പെണ്‍കുട്ടികള്‍ മാത്രമുള്ളതിനാലാണ് ആണ്‍കുട്ടിയെ വാങ്ങാന്‍ ശ്രമിച്ചതെന്നാണ് അര്‍മാന്‍ പോലീസിന് നല്‍കിയ മൊഴി. കുഞ്ഞിന്റെ അച്ഛന്‍ കൃത്യമായി ജോലിക്ക് പോകാതെ മദ്യപിച്ച് നടക്കുന്നയാളാണെന്നും പൊലീസ് പറഞ്ഞു.