ജോലിസ്ഥലത്ത് വെച്ച് ഫോണ്‍ ദുരുപയോഗം ചെയ്തതിലൂടെ തനിക്ക് വ്യക്തിപരവും തൊഴില്‍പരവുമായ പ്രയാസങ്ങള്‍ ഉണ്ടായതായും ജോലി നഷ്ടപ്പെടാന്‍ കാരണമാവുകയും ചെയ്തായി ചൂണ്ടിക്കാട്ടി സഹപ്രവര്‍ത്തകനെതിരെ പരാതി നല്‍കി പ്രവാസി. കുവൈത്തിലാണ് സംഭവം.
അല്‍ ഖാഷാനിയ പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. ഈ സംഭവത്തിന് കാരണക്കാരനായ വ്യക്തിക്കെതിരെ നഷ്ടപരിഹാരത്തിനായി കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.
ജോലി സമയത്ത് താന്‍ ഉറങ്ങുന്നതിന്റെ വീഡിയോയാണ് തെളിവായി സമര്‍പ്പിച്ചത്. ഇതേ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന, സഹപ്രവര്‍ത്തകന്‍ രഹസ്യമായി തന്റെ വീഡിയോ ചിത്രീകരിക്കുകയായിരുന്നുവെന്ന് ഇദ്ദേഹം ആരോപിച്ചു. സഹപ്രവര്‍ത്തകന്‍ ഈ ദൃശ്യങ്ങള്‍ നേരിട്ട് തങ്ങളുടെ സൂപ്പര്‍വൈസര്‍ക്ക് അയച്ചു കൊടുക്കുകയും പിന്നീട് വകുപ്പ് തലവന് കൈമാറുകയും ചെയ്തു. സൂപ്പര്‍വൈസര്‍ ഇതേ വീഡിയോ പരാതിക്കാരന് തിരിച്ചയച്ചു. ജോലിയില്‍ അശ്രദ്ധ കാണിച്ചു എന്ന് ചൂണ്ടിക്കാട്ടിയുള്ള ഔദ്യോഗിക പിരിച്ചുവിടല്‍ കത്തും ഇതോടൊപ്പം ഉണ്ടായിരുന്നു. ക്ഷീണിച്ചിരിക്കുകയായിരുന്നെന്നും ഒരല്പനേരം ഉറങ്ങിപ്പോയതാണെന്നും അദ്ദേഹം വിശദീകരിച്ചു. വീഡിയോ ചിത്രീകരിച്ചതും അത് പ്രചരിപ്പിച്ചതും തന്റെ വ്യക്തിപരമായും കരിയറിനും ദോഷം വരുത്താനുള്ള ഉദ്ദേശ്യത്തോടെയുള്ള ശ്രമമാണെന്ന് പ്രവാസി ആരോപിച്ചു.