+

സഞ്ജുവിന്റെ ശരാശരി 20 റണ്‍സില്‍ താഴെയാണെന്ന് ഓര്‍ക്കണം, പന്തിനെ ഒഴിവാക്കിയതിനെതിരെ സെലക്ടര്‍മാര്‍ക്ക് മുന്നറിയിപ്പുമായി മുന്‍ താരം

ഇന്ത്യയ്ക്കൊപ്പം 2024ലെ ഐസിസി ടി20 ലോകകപ്പ് നേടി ഒരു വര്‍ഷത്തിനുള്ളില്‍, വിക്കറ്റ് കീപ്പര്‍ ബാറ്ററായ ഋഷഭ് പന്തിന് ടീമിലെ സ്ഥാനം നഷ്ടമായിരിക്കുകയാണ്.

ന്യൂഡല്‍ഹി: ഇന്ത്യയ്ക്കൊപ്പം 2024ലെ ഐസിസി ടി20 ലോകകപ്പ് നേടി ഒരു വര്‍ഷത്തിനുള്ളില്‍, വിക്കറ്റ് കീപ്പര്‍ ബാറ്ററായ ഋഷഭ് പന്തിന് ടീമിലെ സ്ഥാനം നഷ്ടമായിരിക്കുകയാണ്. ഈ മാസം അവസാനം ആരംഭിക്കുന്ന ഇംഗ്ലണ്ടുമായുള്ള അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ പന്തിന് ഇടം കണ്ടെത്തിയില്ല. സഞ്ജു സാംസണെ ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പറായും ധ്രുവ് ജൂറലിനെ ബാക്കപ്പായും 15 അംഗ ടീമിനെയാണ് ബിസിസിഐ ശനിയാഴ്ച പ്രഖ്യാപിച്ചത്.

കഴിഞ്ഞ വര്‍ഷം ലോകകപ്പ് വിജയത്തിന് ശേഷം ഇന്ത്യ 15 ടി20 മത്സരങ്ങള്‍ കളിച്ചു. അതില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് പന്ത് കളിച്ചത്. അടുത്തിടെ അവസാനിച്ച ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തിന്റെ ഭാഗമായിരുന്ന പന്ത്, അഞ്ച് ടെസ്റ്റുകളിലും കളിച്ചിരുന്നു.

പന്തിന്റെ അഭാവത്തില്‍ ടി20 ടീമിലെത്തിയ സഞ്ജു സാംസണ്‍ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യാന്‍ അവസരം ലഭിക്കുകയും അവസാന അഞ്ച് ടി20യില്‍ മൂന്ന് സെഞ്ച്വറി നേടി ടീമില്‍ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു.

അടുത്ത മാസം നടക്കാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കാനിരിക്കെ, കെ എല്‍ രാഹുലിനൊപ്പം ബാക്കപ്പ് കീപ്പറായി സഞ്ജുവിനെ തെരഞ്ഞെടുത്തേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്.

സഞ്ജു സാംസണ്‍ മികച്ച ഫോമില്‍ തുടര്‍ന്നാല്‍ പന്തിന് ഏകദിനത്തിലും സ്ഥാനം ഉറപ്പിക്കാനായേക്കില്ല. അതേസമയം, ഇന്ത്യയുടെ വൈറ്റ് ബോള്‍ ടീമില്‍ നിന്ന് പന്തിനെ ഒഴിവാക്കുന്നതിനെതിരെ മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്ര മുന്നറിയിപ്പുമായെത്തി.

കണക്കുകള്‍ പരിശോധിച്ചാല്‍ ടി20യില്‍ ഓപ്പണറായി എത്തുന്നതിന് മുന്‍പ് 20 റണ്‍സിന് താഴെയായിരുന്നു സഞ്ജുവിന്റെ ശരാശരി. പന്ത് ഒരു തലമുറയിലെ പ്രതിഭയാണ്. പന്തിനെ ഒഴിവാക്കുന്നത് ആലോചിച്ചായിരിക്കണമെന്നും ചോപ്ര വ്യക്തമാക്കി. ചാമ്പ്യന്‍സ് ട്രോഫിക്ക് മുമ്പ് ഇന്ത്യ ഇംഗ്ലണ്ടിനെതിരെ മൂന്ന് ഏകദിനങ്ങള്‍ സ്വന്തം തട്ടകത്തില്‍ കളിക്കും.

facebook twitter