കൊച്ചി: ഓസ്‌ട്രേലിയയ്‌ക്കെതിരായ ടി20 പരമ്പരയില്‍ സഞ്ജു സാംസണിനെ പുറത്തിരുത്തിയ ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന്റെ നടപടി ആരാധകരെ അമ്പരപ്പിക്കുന്നതാണ്.
ഓസീസിനെതിരായ നാല് ടി20 മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ സഞ്ജു കളിച്ചത് ഒരു ഇന്നിംഗ്‌സ് മാത്രം. മൂന്നാം ടി20യില്‍ നമ്പര്‍ 3ല്‍ ഇറക്കിയ സഞ്ജുവിനെ പിന്നീട് ജിതേഷ് ശര്‍മയ്ക്ക് വേണ്ടി ഒഴിവാക്കേണ്ടിവന്നു. ഈ തീരുമാനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര.
സഞ്ജു സാംസണിനോട് എന്തിനാണ് ഇങ്ങനെ ചെയ്യുന്നത്? സഞ്ജു കളിക്കാത്തത് വലിയ ചാദ്യമാണ്. നമ്മള്‍ സഞ്ജുവിനെ കളിപ്പിച്ചു, ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. അസാധാരണമായിരുന്നില്ലെങ്കിലും ശരാശരി നിലവാരം പുലര്‍ത്തി. ഒമാനെതിരെ നേരത്തെ ഇറക്കിയപ്പോള്‍ അറുപത് റണ്‍സടിച്ചു. പക്ഷെ ഇപ്പോള്‍ ഒഴിവാക്കുന്നത് എന്തിനാണെന്ന് ആകാശ് ചോപ്ര യൂട്യൂബ് ചാനലില്‍ ചോദിച്ചു.
ടി20 ലോകകപ്പിന് ശേഷം ഇന്ത്യയുടെ മൂന്നാമത്തെ ടോപ് റണ്‍സ്‌കോറര്‍ സഞ്ജു സാംസണ്‍ ആണ്. ഓപ്പണറായി അഭിഷേക് ശര്‍മയോടൊപ്പം മൂന്ന് സെഞ്ചുറികള്‍ നേടി തകര്‍ത്തടിച്ചു. എന്നാല്‍ ഏഷ്യാ കപ്പില്‍ ശുഭ്മാന്‍ ഗില്ലിനെ വൈസ് ക്യാപ്റ്റനാക്കി ഓപ്പണറാക്കിയതോടെ സഞ്ജുവിനെ മധ്യനിരയിലേക്ക് തള്ളി. അവിടെ സഞ്ജു പൂര്‍ണമായി പരാജയപ്പെട്ടു. സ്‌ട്രൈക്ക് റേറ്റ് 106ല്‍ താഴേക്ക് പോയി.
ഹെഡ് കോച്ച് ഗൗതം ഗംഭീറിന്റെ തീരുമാനങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ രോഷം പ്രകടിപ്പിച്ചു. ശുഭ്മാന്‍ ഗില്ലിനെ ഉള്‍പ്പെടുത്താന്‍ ജയ്‌സ്വാളിനെ ഒഴിവാക്കി, മൂന്ന് സെഞ്ചുറി നേടിയ സഞ്ജുവിനെ ഡ്രോപ്പ് ചെയ്തു. ഗംഭീറിനും സൂര്യകുമാര്‍ യാദവിനും നാണമില്ലേയെന്നാണ് ഒരു ആരാധകന്‍ കുറിച്ചത്.
ജിതേഷ് ശര്‍മയെ കളിപ്പിച്ചത് ശരിയാണോയെന്നാണ് ആകാശ് ചോപ്രയും ചോദിക്കുന്നത്. ജിതേഷ് ഒരു കളിയില്‍ 20 റണ്‍സെടുത്തു, ലോജിക്കിന് യോജിക്കാത്ത വിധത്തില്‍ അവനെ തുടര്‍ന്നും കളിപ്പിക്കും. പക്ഷെ സഞ്ജുവിനെ വീണ്ടും കളിപ്പിക്കുമോ? അറിയില്ല. ജിതേഷിനും ഇതേ അവസ്ഥ വരുമെന്നാണ് തോന്നുന്നത്. ടീം മാനേജ്‌മെന്റിന്റെ തീരുമാനങ്ങള്‍ റാന്‍ഡമൈസ്ഡ് ആണെന്നും ചോപ്ര വ്യക്തമാക്കി.
ഓസ്‌ട്രേലിയയില്‍ നാല് ടി20 കഴിഞ്ഞപ്പോള്‍ ഇന്ത്യ 2-1ന് മുന്നിലാണ്. അവസാന മത്സരം നവംബര്‍ 8ന് നടക്കും. 2026ലെ ടി20 ലോകകപ്പിന് മുന്നോടിയായുള്ള പരീക്ഷണങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ഓസീസിനെതിരായ നാലാം മത്സരത്തില്‍ ജിതേഷ് പരാജയപ്പെട്ടതോടെ സഞ്ജുവിന് വീണ്ടും അവസരം ലഭിക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.