ഗുജറാത്തില്‍ വാഹനം പാര്‍ക്ക് ചെയ്തതിലെ വീഴ്ച ചോദ്യം ചെയ്ത വനിതാ ഹോം ഗാര്‍ഡിന് നേരെ ആസിഡ് ആക്രമണം. ഗാന്ധിനഗര്‍ ജില്ലയിലെ കലോര്‍ ടൗണിലാണ് സംഭവം. ജംഗ്ഷനില്‍ ട്രാഫിക് നിയന്ത്രിക്കുകയായിരുന്ന ഹോം ഗാര്‍ഡിന് നേരെ ആസിഡ് ആക്രമണം നടത്തിയത് ഓട്ടോ ഡ്രൈവറായ റാവത്ത് എന്നയാളാണ്. സംഭവത്തില്‍ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഓട്ടോറിക്ഷ തെറ്റായി പാര്ക്കുചെയ്തതിനാണ് ഹോം ഗാര്‍ഡ് റാവത്തിനെ ചോദ്യം ചെയ്തത്. തുടര്‍ന്ന് വനിതാ ഹോം ഗാര്‍ഡിനെ തെറിവിളിച്ച റാവത്ത് ഓട്ടോയും എടുത്ത് വീട്ടിലേക്ക് പോയി.എന്നാല്‍ ശുചിമുറി വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന ആസിഡുമായി എത്തിയ ഇയാള്‍ ഹോം ഗാര്‍ഡിനെ ആക്രമിക്കുകയായിരുന്നു. ഉടനെ തന്നെ പൊലീസ് റാവത്തിനെ അറസ്റ്റ് ചെയ്തു. ആസിഡ് ആക്രമണത്തിന് ഇരയായ സ്ത്രീ നിലവില്‍ ചികിത്സയിലാണ്.