ലോസ് ആഞ്ജലിസ്: യു.എസിൽ കാലിഫോർണിയയിലുള്ള ലോസ് ആഞ്ജലസിൽ ആളിപ്പടർന്ന കാട്ടുതീയിൽപ്പെട്ട് വീടുനഷ്ടപ്പെട്ടവർക്ക് സ്വന്തം വീട്ടിൽ അഭയം നൽകി നടി ആഞ്ജലീന ജോളി. ലോസ് ആഞ്ജലിസിൽ നിന്ന് വീടൊഴിയാൻ നിർബന്ധിതരായ 49 സുഹൃത്തുക്കൾക്കായി ആഞ്ജലീന തന്റെ വീട് തുറന്നുകൊടുക്കുകയായിരുന്നു.
അതേസമയം നടിയും അവരുടെ 16-കാരനായ മകൻ നോക്സും ചേർന്ന് ദുരിതബാധിതരെ സഹായിക്കുന്നതിന് ആവശ്യമായ ഭക്ഷണവും വെള്ളവും വാങ്ങുന്നതിന്റെ ചിത്രങ്ങളും നേരത്തെ പുറത്തുവന്നിരുന്നു. ചൊവ്വാഴ്ച പ്രാദേശിക സമയം രാവിലെ 10.30 ഓടെയാണ് കാട്ടുതീയുണ്ടായത്. പടിഞ്ഞാറൻ ലോസ് ആഞ്ജലസിലെ പസഫിക് പാലിസേഡ്സ് മേഖലയിൽ 10 ഏക്കർ വനത്തിന് പിടിച്ച തീ മണിക്കൂറുകൾക്കുള്ളിൽ 3000 ഏക്കറിലേക്ക് പടരുകയുമായിരുന്നു.
ദുരന്തത്തിൽപ്പെട്ട് 11 പേർക്ക് ജീവൻ നഷ്ടമായതായാണ് അവസാനം പുറത്തുവരുന്ന റിപ്പോർട്ടുകൾ. നൂറുകണക്കിനാളുകൾക്ക് പൊള്ളലേറ്റു. ഹോളിവുഡ് നടീനടന്മാരുടെ വീടുകളടക്കം പതിനായിരത്തിലേറെ കെട്ടിടങ്ങൾ കത്തിനശിച്ചു. ഹോളിവുഡ് ഹിൽസിലെയും സ്റ്റുഡിയോ സിറ്റിയിലെയും തീകെടുത്താൻ വിമാനമാർഗം വെള്ളം തളിക്കുകയാണ്. അപ്പാർട്ട്‌മെന്റുകൾ, സ്കൂളുകൾ, വാഹനങ്ങൾ, വ്യാപാര-വ്യവസായ കേന്ദ്രങ്ങൾ എന്നിവയെല്ലാം അഗ്നിക്കിരയായി.