സിനിമ സീരിയൽ താരങ്ങളായ ബിജു സോപനം, എസ്പി ശ്രീകുമാർ എന്നിവർക്കെതിരെ ലൈംഗിക അതിക്രമത്തിന് പരാതി നൽകിയത് താനല്ലെന്ന് വ്യക്തമാക്കി നടി ഗൗരി ഉണ്ണിമായ. നടന്മാർക്കെതിരെ പരാതി നൽകിയത് ഗൗരിയാണെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വാർത്തകൾ പ്രചരിച്ചതിനു പിന്നാലെയാണ് നടി വിശദീകരണവുമായി എത്തിയത്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വിഡിയോയിലൂടെയായിരുന്നു നടിയുടെ പ്രതികരണം.
'ആ കേസുമായി തനിക്ക് യാതൊരു ബന്ധവുമില്ല. ഒരു യാത്രയിൽ ആയിരുന്നതിനാലാണ് കഴിഞ്ഞ കുറച്ചു എപ്പിസോഡുകളിൽ കാണാതിരുന്നത്. ഇനി പുറത്തിറങ്ങാനുള്ള എപ്പിസോഡുകളിൽ താനുണ്ടാകും' എന്നും ഗൗരി വ്യക്തമാക്കി.
'പലരും എന്നോടു ചോദിക്കുന്നുണ്ട്, എന്താണ് ഞാൻ എപ്പിസോഡിൽ ഇല്ലാത്തത്, എന്താണ് കാരണം എന്നൊക്കെ. ഷിംലയ്ക്കു പോയി തിരിച്ചു വന്നതേയുള്ളൂ. 24 വരെയുള്ള എപ്പിസോഡുകളിൽ ഞാൻ ഭാഗവുമാണ്. അവർ സംപ്രേഷണം ചെയ്യുന്നുണ്ടെങ്കിൽ ഇനിയുള്ള എപ്പിസോഡുകളിൽ ഞാനുണ്ടാകുമെന്നും ഗൗരി പറഞ്ഞു. ഈ വാർത്തകളിൽ പറയുന്ന നടി ഞാനല്ല. അനാവശ്യ വിവാദങ്ങൾ പരത്തരുത് എന്ന് ഞാൻ അഭ്യർഥിക്കുകയാണ് എന്നും പരാതി സംബന്ധിച്ചുള്ള വാർത്ത പങ്കു വച്ചു കൊണ്ട് ഗൗരി കൂട്ടിച്ചേർത്തു.
അടുത്തിടെയാണ് ഒരു സീരിയൽ നടിയുടെ പരാതിയിൽ നടൻമാർക്കെതിരെ എറണാകുളം ഇൻഫോപാർക്ക് പൊലീസ് കേസെടുത്തത്. കൊച്ചിയിൽ സീരിയൽ ചിത്രീകരണത്തിനിടെ ലൈംഗിക അതിക്രമം കാട്ടിയെന്നായിരുന്നു പരാതി. കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്.