അനിമല്‍ പോലെ ഒരു സ്ത്രീവിരുദ്ധ ചിത്രം താന്‍ ഒരിക്കലും ചെയ്യില്ലെന്ന് നടി രസിക ദുഗല്‍. അനിമല്‍ പോലെയുള്ള സിനിമകള്‍ ഒരിക്കലും ആഘോഷിക്കപ്പെടരുതെന്നും അതൊന്നും തനിക്ക് അംഗീകരിക്കാന്‍ കഴിയില്ലെന്നും നടി പറഞ്ഞു. അഭിനയിക്കുന്ന സിനിമകളിലെ രാഷ്ട്രീയം തന്റെ രാഷ്ട്രീയവുമായി ചേര്‍ന്നു നില്‍ക്കണം എന്നും അവര്‍ പറഞ്ഞു
'അനിമല്‍ പോലൊയൊരു സ്ത്രീവിരുദ്ധ സിനിമ ഞാന്‍ ഒരിക്കലും ചെയ്യില്ല. സ്ത്രീവിരുദ്ധത നിറഞ്ഞ സിനിമ എന്നതിലുപരി അതൊരു പ്രൊപ്പഗണ്ട ചിത്രം കൂടിയാണ്. അത്തരം സിനിമകള്‍ ആഘോഷിക്കപ്പെടരുത് എന്നാണ് എന്റെ അഭിപ്രായം. മിര്‍സാപൂരില്‍ എന്റെ കഥാപാത്രം നെഗറ്റീവ് ഷെയ്ഡാണെങ്കിലും അതിലെ കഥ ഒരിക്കലും സ്ത്രീവിരുദ്ധമല്ല. സ്ത്രീ വിരുദ്ധതയും, പ്രൊപ്പഗണ്ടയും എനിക്ക് അംഗീകരിക്കാന്‍ സാധിക്കില്ല.
എന്റെ രാഷ്ട്രീയവുമായി ചേര്‍ന്ന് നില്‍ക്കാത്തൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നതില്‍ എനിക്ക് സന്തോഷമേയുള്ളൂ. ഞാന്‍ ചെയ്യാറുമുണ്ട്. ജീവിതത്തില്‍ ഞാന്‍ ബീന തൃപാഠിയെപ്പോലെ ആളുകളെ കൊല്ലുകയോ പുരുഷന്മാരെ മുതലെടുക്കുകയോ ചെയ്യുന്ന ആളല്ല. ഒരു അഭിനേതാവ് എന്ന നിലയില്‍ അത്തരം കഥാപാത്രങ്ങള്‍ ചെയ്യാന്‍ എനിക്കിഷ്ടമാണ്. അതിലൂടെ ആ കഥാപാത്രങ്ങളുടെ മനസിലേക്ക് ഇറങ്ങിച്ചെല്ലാന്‍ സാധിക്കും. അതിനുവേണ്ടിയാണ് ഞാന്‍ അഭിനയിക്കുന്നതു തന്നെ. പക്ഷെ സിനിമയുടെ രാഷ്ട്രീയം എന്റെ രാഷ്ട്രീയവുമായി ചേര്‍ന്നു നില്‍ക്കണം എന്നതില്‍ എനിക്ക് നിര്‍ബന്ധമുണ്ട്', രസികയുടെ വാക്കുകള്‍.
എന്നാല്‍ നടിയുടെ വാക്കുകള്‍ക്ക് പിന്നാലെ വിമര്‍ശനവുമായി അനിമല്‍ ആരാധകരെത്തി. നടി അഭിനയിച്ച മിര്‍സാപൂര്‍ എന്ന സീരിസിലെ കഥാപാത്രത്തിനെ ചൂണ്ടിക്കാണിച്ചാണ് വിമര്‍ശനങ്ങള്‍ ഉയരുന്നത്. അനിമലിനേക്കാള്‍ സ്ത്രീവിരുദ്ധത നിറഞ്ഞ കഥയാണ് മിര്‍സാപൂര്‍ എന്നും ആ സീരിസിലെ കഥാപാത്രത്തെ അവതരിപ്പിക്കാമെങ്കില്‍ അനിമലിലും അഭിനയിക്കാമെന്നാണ് ചിലര്‍ എക്‌സിലൂടെ നടിക്ക് മറുപടി നല്‍കിയത്. മിര്‍സാപൂരില്‍ രസിക അവതരിപ്പിച്ച കഥാപാത്രത്തെ ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും എക്‌സില്‍ അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്.