രംഗണ്ണന്റെ വേഷം ചെയ്യാൻ പറ്റുന്ന നടിമാരുമുണ്ടിവിടെ, എന്നാൽ അങ്ങനെയൊരു കഥാപാത്രം ആരും ഒരു സ്ത്രീക്ക് വേണ്ടി എഴുതില്ല ; ദർശന രാജേന്ദ്രൻ

07:51 PM Aug 21, 2025 | Kavya Ramachandran

ആവേശം എന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ അവതരിപ്പിച്ച കഥാപാത്രത്തെ മനോഹരമായി അവതരിപ്പിക്കാൻ കഴിവുള്ള നിരവധി നടിമാർ മലയാളം സിനിമ ഇൻഡസ്ട്രിയിലുണ്ട് എന്ന് നടി ദർശന രാജേന്ദ്രൻ. ദർശന രാജേന്ദ്രനും അനുപമ പരമേശ്വരനും ഒരുമിച്ച് അഭിനയിക്കുന്ന പർദ്ദ എന്ന തെലുങ്ക് ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ വാക്കുകൾ.


“ആവേശത്തിൽ ഫഹദ് തകർത്തിരുന്നു, നമ്മുടെ ഇന്ഡസ്ട്രിയിലെ ഒരുപാട് സ്ത്രീകൾ അത് മനോഹരമായി ചെയ്യുന്നത് എനിക്ക് സങ്കൽപ്പിക്കാൻ കഴിയുന്നുണ്ട്. എന്നാൽ അങ്ങനെയൊരു കഥാപാത്രം ആരും ഒരു സ്ത്രീക്ക് വേണ്ടി എഴുതില്ല. അവിടെയും ഇവിടെയുമൊക്കെയായിട്ട് കുറച്ചൊക്കെ കാണാൻ പറ്റുമെന്ന് ഉള്ളൂ.

മലയാള സിനിമയിൽ പണ്ടൊക്കെ ഉർവശി, ഫിലോമിന തുടങ്ങിയ നടിമാരൊക്കെ ചെയ്തിരുന്ന തരത്തിലുള്ള വേഷങ്ങൾ ഇപ്പോൾ ആരും എഴുതാറില്ല. അത്തരത്തിലുള്ള കഥാപാത്രങ്ങൾ ലഭിക്കാനായി തങ്ങളെ പോലുള്ള നടിമാർ ഒരുപാട് ആഗ്രഹിക്കുന്നുണ്ട് എന്നും ദർശന കൂട്ടിച്ചേർത്തു.

പ്രവീൺ കണ്ട്രെഗുള സംവിധാനം ചെയ്യുന്ന പർദ്ദ എന്ന ചിത്രത്തിന്റെ പ്രമേയം വളരെ യാഥാസ്ഥിതികമായ ഒരു ഗ്രാമത്തിൽ നിന്ന് വരുന്ന ഒരു പെൺകുട്ടിയുടെ യാത്രയുടെ കഥയാണ്. ആഗസ്റ്റ് 22 ന് റിലീസ് ചെയ്യുന്ന പർദ്ദയിൽ ഇരുവർക്കും ഒപ്പം സംഗീത കൃഷ്, ഗൗതം മേനോൻ, രാജി മയൂർ എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്.