+

ഇന്ത്യക്കുമേൽ ചുമത്തിയ അധിക തീരുവ ഒഴിവാക്കുമെന്ന സൂചന നൽകി ട്രംപ്

ഇന്ത്യക്കുമേൽ ചുമത്തിയ അധിക തീരുവ ഒഴിവാക്കുമെന്ന സൂചന നൽകി ട്രംപ്

ന്യൂയോർക്ക്: റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിൻറെ പേരിൽ ഇന്ത്യക്കുമേൽ ചുമത്തിയ 25 ശതമാനം അധിക തീരുവ ഒഴിവാക്കുമെന്ന സൂചന നൽകി യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. യു.എസ് പിഴ ചുമത്തുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ റഷ്യക്ക് അവരുടെ എണ്ണ ഉപഭോക്താക്കളിലൊരാളായ ഇന്ത്യയെ നഷ്ടപ്പെട്ടതായി ട്രംപ് അവകാശപ്പെട്ടു. യു.എസ് ഭീഷണിക്കിടയിലും ഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് നിർത്തിയതായി ഇന്ത്യ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഈമാസം 27നാണ് യു.എസ് പ്രഖ്യാപിച്ച 25 ശതമാനം തീരുവ പ്രാബല്യത്തിൽ വരുന്നത്.

റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങുന്നത് തുടരുന്ന രാജ്യങ്ങൾക്ക് മേൽ അത്തരം സെക്കൻഡറി താരിഫുകൾ ചുമത്തില്ല എന്നാണ് ട്രംപ് സൂചന നൽകിയത്. ഇന്ത്യയും ചൈനയുമാണ് റഷ്യയിൽനിന്ന് ഏറ്റവും കൂടുതൽ എണ്ണ ഇറക്കുമതി ചെയ്യുന്നത്. കഴിഞ്ഞമാസം ഇന്ത്യൻ ഉൽപന്നങ്ങൾക്കുമേൽ യു.എസ് 25 ശതമാനം താരിഫ് ചുമത്തിയിരുന്നു. പിന്നാലെയാണ് റഷ്യൻ എണ്ണയുടെ പേരിൽ 25 ശതമാനം അധിക തീരുവ കൂടി ട്രംപ് പ്രഖ്യാപിച്ചത്. യുക്രൈയ്‌നിലെ യുദ്ധം അവസാനിപ്പിക്കാൻ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ റഷ്യക്കുമേൽ ഉപരോധവും റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് മേൽ സെക്കൻഡറി ഉപരോധവും ഏർപ്പെടുത്തുമെന്നായിരുന്നു ട്രംപിൻറെ ഭീഷണി.

‘റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിന്, അവരുടെ ഒരു എണ്ണ ഉപഭോക്താവിനെ നഷ്ടപ്പെട്ടു, അത് ഇന്ത്യയാണ്, റഷ്യൻ എണ്ണയുടെ 40 ശതമാനവും വാങ്ങിയിരുന്നത് അവരായിരുന്നു. ചൈനയും ഒരുപാട് എണ്ണ വാങ്ങുന്നുണ്ടെന്ന് നിങ്ങൾക്കറിയാമല്ലോ. സെക്കൻഡറി താരിഫ് എന്ന് വിളിക്കുന്ന ഒന്ന് ഏർപ്പെടുത്തിയാൽ റഷ്യക്ക് വളരെ വിനാശകരമായിരിക്കും. എനിക്കത് ചെയ്യേണ്ടി വന്നാൽ, ഞാൻ ചെയ്യും. ചിലപ്പോൾ എനിക്കത് ചെയ്യേണ്ടി വരില്ല’ - ട്രംപ് ഫോക്‌സ് ന്യൂസിനോട് പറഞ്ഞു. അതേസമയം, അലാസ്കയിൽ നടന്ന ട്രംപ്-പുടിൻ കൂടിക്കാഴ്ച നിർണായക പ്രഖ്യാപനങ്ങളില്ലാതെയാണ് പിരിഞ്ഞത്. 

facebook twitter