‘അടൂർ പ്രകാശിന്‍റെ പ്രതികരണം അങ്ങേയറ്റം സ്ത്രീവിരുദ്ധം; സർക്കാർ അതിജീവിതക്കൊപ്പം’: മന്ത്രി വീണാ ജോർജ്

11:30 AM Dec 09, 2025 | Kavya Ramachandran

അതിജീവിതക്കെതിരായ കേസിലെ കോടതി വിധിയിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് നടത്തിയ വിവാദ പ്രതികരണത്തിനെതിരെ മന്ത്രി വീണ ജോർജ്. അങ്ങേയറ്റം സ്ത്രീവിരുദ്ധമായ പ്രതികരണമാണ് അടൂർ പ്രകാശ് നടത്തിയതെന്ന് മന്ത്രി പറഞ്ഞു. അടൂർ പ്രകാശിന്‍റെ വാക്കുകളിലൂടെ കോൺഗ്രസിന്റെയും സ്ത്രീവിരുദ്ധതയാണ് വ്യക്തമാകുന്നത്.

അതിജീവിതക്കൊപ്പം തുടർന്നും ഉണ്ടാകുമെന്നും വീണാ ജോർജ് വ്യക്തമാക്കി. ധീരമായ നിശ്ചയദാർഢ്യത്തോടെയുള്ള നിലപാടാണ് അതിജീവിത എടുത്തത്. അതാണ് പോരാട്ടത്തെ നയിച്ചത്. സർക്കാർ എന്നും അതിജീവിതക്ക് ഒപ്പമാണെന്നും മന്ത്രി വ്യക്തമാക്കി. വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

വോട്ട് ചെയ്ത ശേഷം അടൂരിൽ മാധ്യമങ്ങളോട് സംസാരിക്കവേയാണ് അടൂർ പ്രകാശ് വിവാദ പരാമർശങ്ങൾ നടത്തിയത്. കേസിൽ ദിലീപിന് നീതി കിട്ടിയെന്ന് പറഞ്ഞ അടൂർ പ്രകാശ്, അപ്പീലിന് പോകുമെന്ന സർക്കാർ തീരുമാനത്തെ പരിഹസിച്ച്, ‘സർക്കാരിന് മറ്റു പണിയൊന്നുമില്ലേ’ എന്നു ചോദിക്കുകയും ചെയ്തു. ഇതിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. അടൂർ പ്രകാശിന്റെ പ്രസ്താവനയെ തള്ളി കോൺഗ്രസ് നേതാവ് കെ മുരളീധരൻ തന്നെ രംഗത്തെത്തുകയും ചെയ്തു.