കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടാനുള്ള പ്രവർത്തനങ്ങൾക്കാണ് ഇനിയുള്ള ദിവസങ്ങൾ വിനിയോഗിക്കേണ്ടതെന്ന് കെ പി സി സി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് എംഎൽഎ പറഞ്ഞു.കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരായി കെ പി സി സി ആഹ്വാന പ്രകാരമുള്ള സമരസംഗമം കണ്ണൂർ നവനീതം ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.നിലമ്പൂരിലെ തെരഞ്ഞെടുപ്പ് വിജയം നമുക്ക് വഴികാട്ടിയായി നിലനിൽക്കുകയാണ്. ഈ വർഷം അവസാനം നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനു ചരിത്ര വിജയം നേടാൻ വേണ്ടിയുള്ള പ്രവർത്തനം ഊർജ്ജിതമാക്കണം.
2026 ൽ നടക്കുന്ന നിയമ സഭ തെരഞ്ഞെടുപ്പിൽ വിജയം നേടി യു ഡി എഫ് അധികാരത്തിലേക്ക് കടന്നുവരണമെന്നും സണ്ണി ജോസഫ് പറഞ്ഞു.ജനകീയ പ്രശ്നങ്ങളുയർത്തി കൊണ്ടാണ് നിലമ്പൂരിൽ യു.ഡി.എഫ് പ്രചരണം നടത്തിയത് . ജനങ്ങൾ നമ്മളുടെ കൂടെ നിന്നു. അത് കൊണ്ട് ജനകീയ വിഷയങ്ങളുയർത്തിയുള്ള പ്രക്ഷോഭം തുടരണം. അതിനായി ഒറ്റകെട്ടായി ഏക മനസോടെ പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി വാർഡ് വിഭജനം ഉൾപ്പെടെ നടന്നു കഴിഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷൻ സർക്കാറിന് അനുകൂലമായ രീതിയിലാണ് പ്രവർത്തിക്കുന്നത്. കാലിന്റെ അളവിന് അനുസരിച്ച് മുറിക്കുന്നതിന് പകരം ചെരുപ്പിന്റെ അളവ് അനുസരിച്ച് കാൽ മുറിക്കുന്നത് പോലെയാണ് വാർഡ് വിഭജനം നടത്തിയത്.
വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്ന കാര്യത്തിൽ പോലും തെരഞ്ഞെടുപ്പ് കമ്മീഷൻ അനാവശ്യമായ നീട്ടികൊണ്ട് പോകൽ നടത്തുകയാണ്. ഈ മാസം 21 ന് വോട്ടർപട്ടിക പ്രസിദ്ധീകരിക്കുമെന്നാണ് പറയുന്നത്. വോട്ടർപട്ടിക പ്രസിദ്ധീകരിച്ച് കഴിഞ്ഞാൽ തള്ളേണ്ടവരെ തള്ളിക്കാനും ചേർക്കാനുള്ളവരെ ചേർക്കാനും പ്രവർത്തകർ ജാഗരൂകരാകണമെന്നും സണ്ണിജോസഫ് എംഎൽഎ പറഞ്ഞു.യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്, കെ പി സി സി വർക്കിംഗ് പ്രസിഡന്റുമാരായ എ.പി. അനിൽകുമാർ എം എൽ എ, ഷാഫി പറമ്പിൽ എം പി , രാജ്മോഹൻ ഉണ്ണിത്താൻ എം പി എന്നിവർ പ്രസംഗിച്ചു.
ഡിസിസി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ് അധ്യക്ഷത വഹിച്ചു. സജിവ് ജോസഫ് എംഎൽഎ, അഡ്വ. പി എം നിയാസ്, അഡ്വ. സോണി സെബാസ്റ്റ്യൻ, പ്രൊഫ. എ ഡി മുസ്തഫ , വി എ നാരായണൻ, , സജീവ് മാറോളി ,ചന്ദ്രൻ തില്ലങ്കേരി ,അഡ്വ. ടി ഒ മോഹനൻ ,റിജിൽ മാക്കുറ്റി ,മുഹമ്മദ് ബ്ലാത്തൂർ ,എം പി ഉണ്ണികൃഷ്ണൻ ,രജനി രാമാനന്ദ് , രാജീവൻ എളയാവൂർ ,അമൃത രാമകൃഷ്ണൻ , ഷമാ മുഹമ്മദ്, എം പി വേലായുധൻ ,കൊയ്യം ജനാർദ്ദനൻ , , കെ വി ഫിലോമിന ,തോമസ് വക്കത്താനം ,ടി ജയകൃഷ്ണൻ ,വിജിൽ മോഹൻ, ശ്രീജ മഠത്തിൽ, എം സി അതുൽ ,മധു എരമം തുടങ്ങിയവരും പങ്കെടുത്തു.