ദേശീയ പുരസ്കാരം നേടിയ “ദി കേരള സ്റ്റോറി” സിനിമക്കെതിരെ സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ. ഫാസിസ്റ്റകളുടെ വ്യാജനിർമ്മിതി സിനിമയിൽ പുതിയ കേരള സ്റ്റോറികൾ സൃഷ്ടിക്കുന്നു. ഇത്തരം സിനിമകൾ പുരസ്കാര നിറവിലേക്ക് ഉയരുന്നതിൽ അജണ്ടകൾ ഉണ്ടെന്നും പ്രേംകുമാർ പറയുന്നു. കോഴിക്കോട് വച്ച് നടക്കുന്ന റീജിയണൽ അന്താരാഷ്ട്ര ചലച്ചിത്ര മേള ഉദ്ഘാടന വേദിയിൽ സംസാരിക്കുകയായിരുന്നു പ്രേംകുമാർ.
എട്ട് വർഷങ്ങൾക്ക് ശേഷമാണ് സാംസ്കാരിക പൈതൃകത്തിൻ്റെയും ദൃശ്യ വൈവിധ്യങ്ങളുടെയും നഗരിയായ കോഴിക്കോട്, റീജിയണൽ ഐ എഫ് എഫ് കെ യ് ക്ക് വേദിയാക്കുന്നത്. കൈരളി തിയേറ്ററിൽ വച്ച് നടന്ന ചടങ്ങിൽ, സംവിധായകനും കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റൂട്ട് ഓഫ് വിഷ്വൽ സയൻസ് & ആർട്സ് ചെയർപേഴ്സനുമായ സയ്യിദ് മിർസ ഉദ്ഘാടനം ചെയ്തു. കലാകാരൻ്റെ ആവിഷ്ക്കാരം അസത്യം പ്രചരിപ്പിക്കലാകരുതെന്നും, അജണ്ടകൾ പേറുന്ന ഒരുപാട് കേരള സ്റ്റോറികൾ ഇനിയും ഉണ്ടാകുമെന്നും, ഇത് നാം തിരിച്ചറിയണമെന്നും നടനും സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാനുമായ പ്രേംകുമാർ പറഞ്ഞു.
കോഴിക്കോട് മേയർ ഡോ ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു. തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ്, ഗോപികൃഷ്ണൻ വർമ്മ, കുക്കു പരമേശ്വരൻ, സന്തോഷ് കീഴാറ്റൂർ, സോഹൻ സീനുലാൽ തുടങ്ങിയവർ സംസാരിച്ചു. കഴിഞ്ഞ ഡിസംബറിൽ തിരുവനന്തപുരത്ത് നടന്ന 29 -ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ച 177 സിനിമകളിൽ നിന്ന് തെരഞ്ഞെടുത്ത 58 ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുന്നത്.