അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച രണ്ട് ബ്രട്ടീഷ് പൗരന്മാരുടെ കുടുംബങ്ങള്‍ക്ക് നല്‍കിയ മൃതദേഹങ്ങള്‍ മാറിപ്പോയെന്ന് ആരോപണം. യുകെയില്‍ എത്തിച്ച മൃതദേഹങ്ങളില്‍ നടത്തിയ ഡിഎന്‍എ പരിശോധനയിലാണ് മരിച്ചവരുടെ ഡിഎന്‍എ കുടുംബങ്ങളുടെ ഡിഎന്‍എയുമായി പൊരുത്തപ്പെടുന്നില്ലെന്ന് തെളിഞ്ഞത്. മരണപ്പെട്ട യുകെ പൗരന്മാരുടെ കുടുംബങ്ങളെ പ്രതിനിധീകരിക്കുന്ന അഭിഭാഷകനായ ജെയിംസ് ഹീലി പ്രാറ്റാണ് ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. മൃതദേഹങ്ങള്‍ മാറിപ്പോയ സംഭവം കുടുംബങ്ങളെ അതീവ ദുഖത്തിലാക്കിയെന്നും അവര്‍ നിരാശരാണെന്നും ജെയിംസ് പറഞ്ഞു. പ്രിയപ്പെട്ടവരുടെ ഭൗതിക ദേഹങ്ങള്‍ തിരികെ കൊണ്ടുവരിക എന്നതാണ് ആദ്യം വേണ്ടതെന്നും എയര്‍ ഇന്ത്യയില്‍ നിന്നടക്കമുളള ഔദ്യോഗിക പ്രതികരണങ്ങള്‍ക്കായി മരിച്ചവരുടെ കുടുംബങ്ങള്‍ കാത്തിരിക്കുകയാണെന്നും അഭിഭാഷകന്‍ വ്യക്തമാക്കി.
അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച 261 പേരില്‍ 52 പേര്‍ ബ്രിട്ടീഷുകാരായിരുന്നു. ഇവരില്‍ 12 ബ്രിട്ടീഷ് പൗരന്മാരുടെ ഭൗതികശരീരങ്ങളാണ് ബ്രിട്ടനിലേക്ക് കൊണ്ടുപോയത്. നിരവധി ബ്രിട്ടീഷ് പൗരന്മാരുടെ ശവസംസ്‌കാര ചടങ്ങുകള്‍ ഇന്ത്യയില്‍ നടത്തിയതായി ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അങ്ങനെ യുകെയിലേക്ക് അയച്ച മൃതദേഹാവശിഷ്ടങ്ങളില്‍ പലതും സംസ്‌കരിച്ചിരുന്നു. എന്നാല്‍ രണ്ട് കുടുംബങ്ങള്‍ ഡിഎന്‍എ പരിശോധന നടത്തി. ഇതോടെയാണ് തങ്ങള്‍ക്ക് ലഭിച്ച മൃതദേഹങ്ങള്‍ ബന്ധുക്കളുടേതല്ലെന്ന് അവര്‍ തിരിച്ചറിഞ്ഞത്. അതേസമയം, മറ്റൊരു കുടുംബത്തിന് ലഭിച്ച മൃതദേഹത്തോടൊപ്പം അതേ പെട്ടിയില്‍ അജ്ഞാതനായ മറ്റൊരു വ്യക്തിയുടെ മൃതദേഹവും ലഭിച്ചതായും ആരോപണമുണ്ട്. തുടര്‍ന്ന് കുടുംബം സംസ്‌കാരച്ചടങ്ങുകള്‍ ഉപേക്ഷിച്ചു.
എന്നാല്‍, അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയുന്നത് ഏറെ പ്രയാസകരമായ ജോലിയായിരുന്നുവെന്നാണ് ഗുജറാത്തിലെ നാഷണല്‍ ഫോറന്‍സിക് സയന്‍സസ് യൂണിവേഴ്സിറ്റി അധികൃതര്‍ പറയുന്നത്. ചില മൃതദേഹങ്ങള്‍ പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലായതിനാല്‍ ഡിഎന്‍എ വേര്‍തിരിക്കാനും തിരിച്ചറിയാനും ഏറെ ബുദ്ധിമുട്ടി. കത്തിക്കരിഞ്ഞ ചില മൃതദേഹങ്ങളില്‍ അസ്ഥികളുണ്ടായിരുന്നില്ല. ചാരത്തില്‍ നിന്ന് അസ്ഥി സാമ്പിളുകള്‍ കണ്ടെത്തുന്നത് വെല്ലുവിളി നിറഞ്ഞതായിരുന്നു. '- അധികൃതര്‍ പറഞ്ഞു.