AI ഇനി ജോലിയും കണ്ടെത്തിത്തരും, സംരംഭവുമായി Open AI

05:20 PM Sep 07, 2025 |



നിര്‍മിതബുദ്ധി (എഐ) എല്ലാവരുടെയും ജോലി നഷ്ടപ്പെടുത്തുമെന്ന പരാതിവേണ്ട. ജോലി കണ്ടെത്താനും ഇനി നിര്‍മിതബുദ്ധിയെ ആശ്രയിക്കാം. എഐ ഉപയോഗിച്ച് ഉദ്യോഗാര്‍ത്ഥികളെയും കമ്പനികളെയും തമ്മില്‍ ബന്ധിപ്പിക്കാനുള്ള പ്ലാറ്റ്‌ഫോം വികസിപ്പിക്കുകയാണ് ഓപ്പണ്‍എഐ. അടുത്ത വര്‍ഷം പുറത്തിറക്കുമെന്നാണ് കമ്പനി പറയുന്നത്.

ഇപ്പോള്‍ ഇല്ലാത്ത പല പുതിയ ജോലികളും മേഖലകളും സൃഷ്ടിച്ചുകൊണ്ട് തൊഴില്‍ രംഗത്തെ എഐ മാറ്റിമറിക്കുമെന്ന് ഓപ്പണ്‍എഐയിലെ ആപ്ലിക്കേഷന്‍സ് സിഇഒ ഫിഡ്ജി സിമി പറയുന്നു. കൂടുതല്‍ പേരെ എഐയില്‍ പ്രാവീണ്യമുള്ളവരാക്കാനും അവരുടെ കഴിവുകള്‍ ആവശ്യമുള്ള കമ്പനികളുമായി അവരെ ബന്ധിപ്പിക്കാനും സഹായിക്കുക എന്നതാണ് പുതിയ സംരംഭത്തിലൂടെ ഓപ്പണ്‍എഐ ലക്ഷ്യമിടുന്നത്. വൈദഗ്ധ്യമുള്ള തൊഴിലന്വേഷകരെ കമ്പനികളുമായി ബന്ധിപ്പിക്കുന്നതിന് എഐയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഒരു മാച്ചിങ് സിസ്റ്റം ഉപയോഗിക്കുമെന്ന് ഓപ്പണ്‍ എഐ പറയുന്നു. കഴിവുകള്‍ വിനിയോഗിക്കാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും അവസരങ്ങള്‍ ഈ പ്ലാറ്റ്ഫോമില്‍ ഉണ്ടാകുമെന്ന് സാം ആള്‍ട്ട്മാന്‍ നേതൃത്വം നല്‍കുന്ന കമ്പനി അവകാശപ്പെടുന്നു. എന്നാല്‍ പ്രതിഭകളെ കണ്ടെത്താനുള്ള തന്ത്രം എന്താണെന്ന് അവര്‍ വിശദീകരിച്ചിട്ടില്ല.

വലിയ കമ്പനികള്‍ക്ക് പുറമെ ചെറുകിട ബിസിനസുകള്‍ക്കും സര്‍ക്കാരിനും അനുയോജ്യമായ എഐ പ്രതിഭകളെ കണ്ടെത്താന്‍ കഴിയുന്ന ഒരു പ്രത്യേക ഇടവും ഓപ്പണ്‍എഐ ജോബ്‌സ് പ്ലാറ്റ്ഫോമില്‍ ഉണ്ടായിരിക്കും. 2026 മധ്യത്തോടെ ഈ നിയമന പ്ലാറ്റ്‌ഫോം ആരംഭിക്കുമെന്ന് ഒരു വക്താവ് ടെക് ക്രഞ്ചിനോട് പറഞ്ഞു. ജോബ് പ്ലാറ്റ്ഫോമിനൊപ്പം ഓപ്പണ്‍എഐ സര്‍ട്ടിഫിക്കേഷനുകളും അവതരിപ്പിക്കാന്‍ സാന്‍ ഫ്രാന്‍സിസ്‌കോ ആസ്ഥാനമായ സ്ഥാപനത്തിന് പദ്ധതിയുണ്ട്. ഉദ്യോഗാര്‍ഥിയുടെ എഐ പ്രാവീണ്യത്തെക്കുറിച്ച് തൊഴിലുടമകളില്‍ വിശ്വാസം സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യം. ഈ വര്‍ഷം ആദ്യം ഒരു സൗജന്യ ഓണ്‍ലൈന്‍ പഠന പ്ലാറ്റ്ഫോം ആയി ആരംഭിച്ച ഓപ്പണ്‍എഐ അക്കാദമി വിപുലീകരിച്ചാവും ഇത് യാഥാര്‍ഥ്യമാക്കുക.