ഡൽഹി: അധിക ചാർജ് ഈടാക്കാൻ ഒരുങ്ങി എയർ ഇന്ത്യ. രക്ഷിതാക്കൾ ഒപ്പമില്ലാതെ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന കുട്ടികൾക്ക് (5–12 പ്രായക്കാർ) ടിക്കറ്റ് നിരക്കിനൊപ്പമാണ് എയർ ഇന്ത്യ അധിക ചാർജ് (ഹാൻഡ്‍ലിങ് ചാർജ്) ഈടാക്കുന്നത്.
കുട്ടികളുടെ സുരക്ഷയും യാത്രാസുഖവും ഉറപ്പുവരുത്താനാണിതെന്ന് എയർ ഇന്ത്യ വിശദീകരിച്ചു. ആഭ്യന്തര ഫ്ലൈറ്റുകളിൽ ടിക്കറ്റ് നിരക്കിനു പുറമേ 5,000 രൂപ കൂടി നൽകണം. ഗൾഫ്, തെക്കുകിഴക്കൻ ഏഷ്യ, സാർക് രാജ്യങ്ങൾ എന്നിവയെ ബന്ധിപ്പിക്കുന്ന ഫ്ലൈറ്റുകളിൽ 8,500 രൂപയാണ് അധിക നിരക്ക്.
ബ്രിട്ടൻ, യൂറോപ്പ്, ഇസ്രയേൽ, ഓസ്ട്രേലിയ എന്നിവിടങ്ങൾക്ക് 10,000 രൂപയും അമേരിക്ക, കാനഡ എന്നീ രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള യാത്രകൾക്ക് 13,000 രൂപയുമാണ് നിരക്ക്. മുൻപ് ടിക്കറ്റ് നിരക്ക് മാത്രം നൽകിയാൽ മതിയായിരുന്നു. യുഎഇ സെക്ടർ യാത്രകൾക്ക് മാത്രം 184 ദിർഹം ഈടാക്കുമായിരുന്നു. ഇത് അവിടത്തെ ഗ്രൗണ്ട് ഹാൻഡ്‍ലിങ് അധികൃതർ ഈടാക്കിയിരുന്ന തുകയായിരുന്നു.