ഡല്‍ഹിയില്‍ വായുമലിനീകരണം അതീവഗുരുതരാവസ്ഥയില്‍, മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

04:15 PM Oct 22, 2025 | Renjini kannur

ഡല്‍ഹിയില്‍ വായുമലിനീകരണം അതീവഗുരുതരാവസ്ഥയില്‍. വായു ഗുണ നിലവാര സൂചിക വളരെ മോശം വിഭാഗത്തില്‍ തുടരുന്നു.ദീപാവലിക്ക്‌ നിയന്ത്രണങ്ങള്‍ ലംഘിച്ച്‌ പടക്കങ്ങള്‍ പൊട്ടിച്ചതാണ് മലിനീകരണം രൂക്ഷമാക്കിയത്.

മലിനീകരണം കുറയ്ക്കാൻ കൃത്രിമ മഴ പെയ്യിക്കാനൊരുങ്ങുകയാണ് ഡല്‍ഹി സർക്കാർ. ഈ മാസം 24,26 തീയതികള്‍ക്കിടയില്‍ കൃത്രിമ മഴ പെയ്യിക്കാൻ ആണ് സർക്കാറിന്റെ നീക്കം. അതേസമയം, മലിനീകരണം ആരോഗ്യപ്രശ്നങ്ങള്‍ക്ക് വഴിവയ്ക്കുകയാണ്.എല്ലാവരും മാസ്‌ക് ധരിക്കണമെന്നും രോഗികള്‍ വീട്ടില്‍ കഴിയണമെന്നും ആരോഗ്യവകുപ്പിന്റെ നിർദേശിച്ചു.

മലിനീകരണം കുറഞ്ഞ 'ഹരിത പടക്കങ്ങള്‍' ഉപയോഗിക്കണമെന്ന നിര്‍ദേശം ഹൈക്കോടതി മുന്നോട്ട് വെച്ചിരുന്നു.എന്നാല്‍ ഈ നിര്‍ദേശങ്ങള്‍ പലയിടത്തും പാലിക്കപ്പെട്ടില്ല. കർശന നിയന്ത്രണങ്ങള്‍ ഉണ്ടെങ്കിലും പടക്ക വിപണികളെല്ലാം സജീവമായിരുന്നു.മോശം വായുവില്‍ ദീർഘനേരം സമ്ബർക്കം പുലർത്തുന്നത് കാലക്രമേണ ശ്വാസകോശ ശേഷി കുറയ്ക്കുകയും,

വിട്ടുമാറാത്ത ശ്വസന സംബന്ധമായ അസുഖങ്ങള്‍ക്കുള്ള സാധ്യത വർദ്ധിപ്പിക്കുകയും, അണുബാധകള്‍ക്കെതിരായ ആളുകളുടെ പ്രതിരോധശേഷി കുറയ്ക്കുകയും ചെയ്യും. ഇതിന് പുറമെ ശ്വാസതടസ്സം, ശ്വാസംമുട്ടല്‍, നിര്‍ത്താത്ത ചുമ എന്നിവയുമുണ്ടാക്കും.

ആരോഗ്യമുള്ളവര്‍ക്ക് പോലും ദീർഘനേരം വായു സമ്ബർക്കം പുലർത്തിയാല്‍ തൊണ്ടവേദന, തലവേദന, ക്ഷീണം എന്നിവയും അനുഭവപ്പെടാം.അതുകൊണ്ട് തന്നെ പുറത്തേക്ക് പോകുമ്ബോള്‍ N95 അല്ലെങ്കില്‍ N99 മാസ്ക് ധരിക്കാന്‍ ശ്രദ്ധിക്കണമെന്നാണ് ആരോഗ്യവകുപ്പ് നല്‍കുന്ന നിര്‍ദേശം.