ആലപ്പുഴയിൽ വാഹനാപകടത്തിൽ കായികതാരത്തിന് ദാരുണാന്ത്യം

11:12 PM Sep 12, 2025 | AVANI MV

ആലപ്പുഴ: കലവൂർ കേരള ബാങ്കിന് സമീപമുണ്ടായ വാഹനാപകടത്തിൽ കായികതാരമായ വിദ്യാർഥിനി മരിച്ചു. പൂന്തോപ്പ് പള്ളിക്ക് തെക്ക് വശം വള്ളിക്കാട് മണിലാൽ–മഞ്ജു ദമ്പതികളുടെ മകൾ ലക്ഷ്മിലാൽ(19) ആണ് മരിച്ചത്. അമ്പലപ്പുഴ ഗവ.കോളജിൽ ബികോം വിദ്യാർഥിനിയാണ് ലക്ഷ്മിലാൽ. ഇന്നലെ വൈകിട്ട് നാലരയോടെയാണ് അപകടമുണ്ടായത്.

അത്‌ലറ്റിക്സ് താരമായ ലക്ഷ്മിലാൽ വെറ്ററൻസ് താരമായ ആലപ്പുഴ സ്വദേശിനി വിനീതയ്ക്കൊപ്പം പരിശീലനത്തിനായി പ്രീതിക്കുളങ്ങരയിലെ സ്റ്റേ‍ഡിയത്തിലേക്ക് പോകും വഴിയാണ് അപകടമുണ്ടായത്. സ്കൂട്ടറിൽ ലോറിയിടിച്ചാണ് അപകടമുണ്ടായത്.

വിനീതയാണ് സ്കൂട്ടർ ഓടിച്ചിരുന്നത്. സ്കൂട്ടറിനെ മറികടന്നെത്തിയ ട്രെയ്‌ലർ ലോറി സ്കൂട്ടറിൽ തട്ടുകയും ഇരുവരും റോഡിലേക്ക് തെറിച്ചു വീഴുകയുമായിരുന്നു. ലക്ഷ്മിലാലിന്റെ തലയ്ക്കു പിന്നിലാണ് പരുക്കേറ്റത്. ഉടൻ തുമ്പോളിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അത്‌ലറ്റിക്സിൽ 800, 1500 മീറ്റർ മത്സരങ്ങളിൽ ജില്ലാതല ജേതാവായിരുന്ന ലക്ഷ്മിലാൽ സംസ്ഥാന കായികമേളകളിലും ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുത്തിരുന്നു.