ആലപ്പുഴ : ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണ സംഘം. ഒന്നാംപ്രതി തസ്‌ലീമ സുല്‍ത്താനയേയും കൂട്ടാളി ഫിറോസിനേയും വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കൊറിയര്‍ വഴിയാണ് ഇവരുടെ പക്കല്‍ കഞ്ചാവ് കിട്ടിയത് എന്നാണ് മൊഴി. എക്‌സൈസ് ഇത് പൂര്‍ണ വിശ്വാസത്തില്‍ എടുത്തിട്ടില്ല.
കേസില്‍ ഇനിയും പ്രതികളെ പിടികൂടാന്‍ ഉണ്ടെന്നാണ് എക്‌സൈസ് നല്‍കുന്ന സൂചന. വൈകാതെ തന്നെ പ്രതികള്‍ക്കായി കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കും. കേസില്‍ പ്രതിയായിട്ടുള്ള തസ്‌ലീമ സുല്‍ത്താനയുടെ സിനിമാ മേഖലയിലെ ബന്ധങ്ങളും അന്വേഷിച്ചുവരികയാണ്. കൊച്ചി കേന്ദ്രീകരിച്ചുള്ള സിനിമ പെണ്‍വാണിഭ ക്വട്ടേഷൻ സംഘങ്ങളുമായി അടുത്ത ബന്ധമാണ് തസ്‌ലീമ സുല്‍ത്താനക്കുള്ളതെന്നും എക്‌സൈസ് പറയുന്നു.
രണ്ട് കോടിയുടെ ഹൈബ്രിഡ് കഞ്ചാവാണ് തസ്‌ലീമയില്‍ നിന്ന് പിടിച്ചെടുത്തത്. കഞ്ചാവ് കടത്തിന് ഉപയോഗിച്ച വാഹനം വാടകയ്ക്ക് എടുത്തത് എറണാകുളത്ത് നിന്നാണെന്നും എക്‌സൈസ് കണ്ടെത്തിയിരുന്നു. പിന്നില്‍ വന്‍ ശൃംഖലയുണ്ടെന്നാണ് വിവരം. ആറ് കിലോ 'പുഷ്' കിട്ടിയെന്ന തസ്‌ലീമ സുല്‍ത്താന പറയുന്ന ചാറ്റ് വിവരങ്ങളും എക്‌സൈസിന് ലഭിച്ചിട്ടുണ്ട്. വില്‍പ്പനക്കാര്‍ക്കിടയിലെ ഹൈബ്രിഡ് കഞ്ചാവിന്റെ പേരാണ് 'പുഷ്'.
ആലപ്പുഴ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ അശോക് കുമാറിനാണ് കേസിന്റെ അന്വേഷണ ചുമതല. വാടകയ്ക്കെടുത്ത വാഹനത്തില്‍ ജിപിഎസ് ഘടിപ്പിച്ചിട്ടുള്ളതിനാല്‍ എവിടെയെല്ലാം ഇവര്‍ സഞ്ചരിച്ചിട്ടുണ്ട്, എത്ര സമയം ചെലവഴിച്ചു തുടങ്ങിയ വിവരങ്ങളും ഉടന്‍ എക്‌സൈസിന് ലഭിക്കും. ഇതിലൂടെ മറ്റ് പ്രതികളിലേക്ക് എത്താം എന്നാണ് എക്‌സൈസ് കണക്കുകൂട്ടുന്നത്.