+

ആലപ്പുഴയില്‍ വീടിന് തീ പിടിച്ച് വൃദ്ധ ദമ്പതികള്‍ മരിച്ച സംഭവം കൊലപാതകം ; മകന്‍ കസ്റ്റഡിയില്‍

വീടിന് തീപിടിച്ച് വയോധിക ദമ്പതികൾ മരിച്ച സംഭവം കൊലപാതകമാണെന്ന് തെളിയുന്നു. മകൻ വിജയൻ കുറ്റം സമ്മതിച്ചതായാണ് അറിയുന്നത്. സ്വത്ത് തർക്കത്തെ തുടർന്നുണ്ടായ

ആലപ്പുഴ : വീടിന് തീപിടിച്ച് വയോധിക ദമ്പതികൾ മരിച്ച സംഭവം കൊലപാതകമാണെന്ന് തെളിയുന്നു. മകൻ വിജയൻ കുറ്റം സമ്മതിച്ചതായാണ് അറിയുന്നത്. സ്വത്ത് തർക്കത്തെ തുടർന്നുണ്ടായ പകയാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു. വീടിന് പെട്രോൾ ഒഴിച്ച് തീയിട്ടതാണെന്ന് വിജയൻ പൊലീസിന് മൊഴി നൽകി കഴിഞ്ഞു.

ചെന്നിത്തല കോട്ടമുറി സ്വദേശികളായ കറ്റോട്ട് രാഘവൻ (92), ഭാര്യ ഭാരതി (90) എന്നിവരാണ് പൊള്ളലേറ്റ് മരിച്ചത്. മൃതദേഹങ്ങൾ പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു.

ശനിയാഴ്ച പുലർച്ചെയാണ് സംഭവം. ടിൻ ഷീറ്റ് കൊണ്ട് നിർമിച്ച വീട് പൂർണമായും കത്തിനശിച്ച നിലയിലാണ്. തീപിടിത്തത്തിൽ ദുരൂഹതയുണ്ടെന്ന് പൊലീസ് തുടക്കം മുതൽ വിലയിരുത്തിയിരുന്നു. ദമ്പതികളുടെ മകൻ വിജയനെ പൊലീസ് സംഭവസ്ഥലത്തുനിന്നും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

വിജയൻ മാതാപിതാക്കളെ ഉപദ്രവിച്ചിരുന്നതായി ബന്ധുക്കളുടെ ഭാഗത്തുനിന്നും വ്യാപകമായ പരാതി ഉയർന്നിരിക്കുകയാണ്. സ്ഥിരം മദ്യപാനിയായ മകൻ വീടിന് തീവെച്ചതാണെന്ന സംശയം നേരത്തെ തന്നെ പൊലീസിനുണ്ടായിരുന്നു. മകൻ വിജയനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.

കുറച്ചുനാളായി സ്വത്തുമായി ബന്ധപ്പെട്ട തർക്കങ്ങൾ ഉണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു. മാതാപിതാക്ക​ളെ കൊല്ലുമെന്ന് വിജയൻ പലപ്പോഴും ഭീഷണിപ്പെടുത്തിയിരുന്നതായി ദമ്പതികളുടെ പേരമകൻ വിഷ്ണു മാധ്യമങ്ങളോട് പറഞ്ഞു. വിജയൻ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതായി അമ്മൂമ്മ തന്നോട് പറയാറുണ്ടായിരുന്നുവെന്നും വിഷ്ണു പറഞ്ഞു.

പുലർച്ചെ മൂന്നു മണിയോടെ വീടിന് തീപിടിച്ച് നാട്ടുകാരെത്തിയപ്പോഴാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹങ്ങൾ കണ്ടത്. മകൻ വിജയൻ അപ്പോൾ വീട്ടിലുണ്ടായിരുന്നില്ല. വീടിന് തീപിടിക്കുന്ന സമയത്ത് വിജയൻ സ്ഥലത്തുനിന്ന് പോകുന്നത് കണ്ടതായി ദൃക്സാക്ഷികൾ മൊഴി നൽകിയിട്ടുണ്ട്.

വിജയൻ ഉൾപ്പെടെ അഞ്ചു മക്കളാണ് ദമ്പതികൾക്കുള്ളത്. നേരത്തേ മകളും കുടുംബവും ഉൾപ്പെടെയുള്ളവർക്ക് ഒപ്പമായിരുന്നു ദമ്പതികളുടെ താമസം. സ്വത്തുസംബന്ധമായ തർക്കങ്ങളെ തുടർന്ന് മകളും കുടുംബവും വാടകവീട്ടിലേക്ക് മാറുകയായിരുന്നു. ഇതോടെ വീട്ടിൽ വിജയനും മാതാപിതാക്കളും മാത്രമായി. രണ്ടു ദിവസം മുമ്പ് മാതാപിതാക്കളെ വിജയൻ ക്രൂരമായി മർദിച്ചിരുന്നതായും ബന്ധുക്കൾ പറഞ്ഞു.
 

Trending :
facebook twitter