ആലപ്പുഴ: ജില്ലയില്‍ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ജനുവരി 26 രാവിലെ ഒമ്പതിന് ജില്ലയുടെ ചുമതലയുള്ള കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ആലപ്പുഴ ബീച്ചിനടുത്തുള്ള റിക്രിയേഷൻ ഗ്രൗണ്ടിൽ ദേശീയപതാക ഉയര്‍ത്തും.
പരേഡ് ചടങ്ങുകള്‍ക്കായി രാവിലെ 8.40-ന് പരേഡ് ബേസ് ലൈനില്‍ അണിനിരക്കും. 8.53-ന് ജില്ല പൊലീസ് മേധാവിയും 8.55-ന് ജില്ല കളക്ടറും എത്തും. 8.59-ന് എത്തുന്ന മന്ത്രിയെ ഇരുവരും ചേര്‍ന്ന് സ്വീകരിക്കും. ഒമ്പത് മണിക്ക് മന്ത്രി പി. പ്രസാദ് ദേശീയ പതാക ഉയര്‍ത്തും. പരേഡിന്റെ അഭിവാദ്യം സ്വീകരിച്ച ശേഷം മന്ത്രി റിപ്പബ്ലിക് ദിന സന്ദേശം നല്‍കും.
പൊലീസ്, എക്‌സൈസ്, നാഷണൽ കേഡറ്റ് കോർപ്സ്, സ്റ്റുഡന്റ് പൊലീസ് കേഡറ്റ്, സ്‌കൗട്ട്, ഗൈഡ്, റെഡ് ക്രോസ്, കബ്‌സ്, ബുള്‍ബുള്‍ എന്നിങ്ങനെ കണ്ടിജെന്റുകളും നാല് ബാന്‍ഡുകളും ഉള്‍പ്പെടെ 18 പ്ലാറ്റൂണുകൾ പരേഡില്‍ അണിനിരക്കുന്നത്. കുത്തിയതോട് പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എം. അജയ് മോഹനാണ് പരേഡ് കമാന്‍ഡര്‍. പരേഡില്‍ മികച്ച പ്രകടനം കാഴ്ച്ചവയ്ക്കുന്ന പ്ലാറ്റൂണുകള്‍ക്കുള്ള സമ്മാന വിതരണവും നടക്കും. പൂര്‍ണമായും ഹരിതചട്ടം പാലിച്ചുകൊണ്ടാണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ജില്ലയിലെ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, സാമൂഹ്യ, സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.