അതിദാരിദ്ര്യമുക്ത കേരളം പദ്ധതി ലോകത്തിന് തന്നെ മാതൃക: മന്ത്രി സജി ചെറിയാൻ

08:04 PM Nov 01, 2025 | AVANI MV

ആലപ്പുഴ : അതിദാരിദ്ര്യമുക്ത കേരളം പദ്ധതി ലോകത്തിന് തന്നെ മാതൃകയാണെന്ന് ഫിഷറീസ്, സാംസ്‌കാരികവകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ആലപ്പുഴ ജൻഡർ പാർക്ക് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലയെ അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിലെ അതിദരിദ്രരെ കണ്ടെത്തി ദാരിദ്ര്യമുക്തമാക്കുക എന്ന ക്ലേശകരമായ പ്രവർത്തിയാണ് കഴിഞ്ഞ നാലരവർഷം കൊണ്ട് സംസ്ഥാനസർക്കാർ ഏറ്റെടുത്ത് പൂർത്തിയാക്കിയത്. ജനകീയ പങ്കാളിത്തത്തോടെ വിവിധ പ്രദേശങ്ങളിലെ അതിദരിദ്രരെ കണ്ടെത്തി സംസ്ഥാനത്തെ 64006 കൂടുംബങ്ങളെയാണ് ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റിയത്. മൂന്ന് നേരം ഭക്ഷണം കഴിക്കാത്തവർ ഇന്ന് കേരളത്തിലില്ല. രാജ്യത്ത് കോടിക്കണക്കിന് അതിദരിദ്രരുള്ളപ്പോഴാണ് കേരളം ഈ അഭിമാനകരമായ നേട്ടം കൈവരിച്ചതെന്നും മന്ത്രി പറഞ്ഞു. 
വികസനമെന്നാൽ റോഡും പാലവും കെട്ടിടങ്ങളും നിർമ്മിക്കുക മാത്രമല്ല, ജനക്ഷേമ പ്രവർത്തനങ്ങൾ കൂടിയാണ്. 

പട്ടിണി കിടക്കുന്നവന് ഒരു നേരത്തെ ഭക്ഷണം കൊടുക്കുന്നതിനേക്കാളും വലിയ പുണ്യപ്രവർത്തിയൊന്നുമില്ല. കഴിഞ്ഞദിവസം ഖത്തർ സന്ദർശിച്ചപ്പോൾ അവിടെയുള്ള മന്ത്രിമാരുമായി സംസാരിച്ചു. ഇത്രയും സൂക്ഷ്മമായി രാജ്യത്ത് അതിദരിദ്രരുണ്ടോ എന്ന് പരിശോധിക്കാൻ അവർക്ക് കഴിഞ്ഞിട്ടില്ലെന്ന് പറഞ്ഞാണ് അവർ കേരളത്തെ അഭിനന്ദിച്ചത്. എല്ലാ രംഗത്തും കേരളം ഇന്ന് രാജ്യത്ത് ഒന്നാമതാണ്. ഈസ് ഓഫ് ഡ്യൂയിങ് ബിസിനസിൽ നമ്മൾ രാജ്യത്ത് ഒന്നാം സ്ഥാനത്താണ്. എന്റെ വകുപ്പുമായി ബന്ധപ്പെട്ട് പറയുകയാണെങ്കിൽ രാജ്യത്തെ ഏറ്റവും മികച്ച മറൈൻ സ്റ്റേറ്റായി തിരഞ്ഞെടുക്കപ്പെട്ടത് കേരളമാണ്. പ്രവർത്തിച്ച് കാണിക്കാൻ കഴിവുള്ള ഒരു സർക്കാറും മുഖ്യമന്ത്രിയുമാണ് ഇവിടെയുള്ളതൊന്നും വികസനക്ഷേമപ്രവർത്തനങ്ങൾ ഏറ്റെടുത്ത് പൂർത്തീകരിക്കാൻ കഴിവുള്ള സർക്കാരിനെ ജനങ്ങൾ അംഗീകരിക്കുമെന്നും മന്ത്രി പറഞ്ഞു. പദ്ധതിയിലൂടെ ജില്ലയിലെ 3311 കുടുംബങ്ങളെ അതിദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കാൻ കഴിഞ്ഞതായും ഈ നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാ തദ്ദേശസ്ഥാപനങ്ങളെയും അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു.   

ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി അധ്യക്ഷത വഹിച്ചു. സംസ്ഥാനസർക്കാരിന്റെ അതിദാരിദ്ര്യമുക്ത പദ്ധതി ജില്ലാ പഞ്ചായത്തിന്റെയും ജില്ലാ ഭരണകൂടത്തിൻ്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും, വിവിധ വകുപ്പുകളുടെയും, സന്നദ്ധ സംഘടനകളുടെയും ശ്രമഫലമായാണ് പൂർത്തിയാക്കിയത്. ജില്ലയിൽ അതിദരിദ്രരായി കണ്ടെത്തിയ 3311 കുടുംബങ്ങൾക്കും ആവശ്യമായ സഹായങ്ങൾ നൽകി അവരെ അതിദാരിദ്ര്യമുക്തരാക്കി. ഭക്ഷണം, സുരക്ഷിത വാസസ്ഥലം, തൊഴിൽ, ആരോഗ്യപരിചരണം, അവകാശരേഖകൾ, ഉപജീവനമാർഗം എന്നിവയൊരുക്കിയാണ് ദൗത്യം പൂർത്തികരിച്ചത്. അതിദാരിദ്ര്യ പ്രവർത്തനത്തിൻ്റെ ഭാഗമായി ജില്ലയിലെ 145 കുടുംബങ്ങൾക്ക് വീട് നിർമ്മിക്കുന്നതിന് ഭൂമി വാങ്ങി  നൽകുകയും 274 പേർക്ക് പുതിയ വീട് നിർമ്മിച്ചു നൽകുകയും 50 കുടുംബങ്ങൾക്ക് പുനർഗേഹം ഫ്ലാറ്റിൽ വീട് ലഭ്യമാക്കുകയും 404 കുടുംബങ്ങൾക്ക് വീട് പുനരുദ്ധാരണത്തിന് സഹായം നൽകുകയും ചെയ്തു. 

വീടും വസ്തുവും ആവശ്യമുണ്ടായിരുന്ന ജില്ലയിൽ 195 അതിദരിദ്ര കുടുംബങ്ങളിൽ 145 പേർക്കും ഭൂമി ലഭ്യമാക്കി വീട് അനുവദിച്ചിട്ടുണ്ട്. ഇവരിൽ 54 പേർ വീട് നിർമ്മാണം പൂർത്തിയാക്കിയിട്ടുണ്ട്.  91 പേർ വീട് നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. ബാക്കി 50 പേർക്കാണ് പുനർഗേഹം ഫ്ലാറ്റ് അനുവദിച്ചത്. കായംകുളം മുനിസിപ്പാലിറ്റി 26, മാവേലിക്കര മുനിസിപ്പാലിറ്റി 10, ആലപ്പുഴ മുനിസിപ്പാലിറ്റി 3, ആറാട്ടുപുഴ ഗ്രാമപഞ്ചായത്ത് 5, കണ്ടല്ലൂർ ഗ്രാമപഞ്ചായത്ത് 2, പുറക്കാട് ഗ്രാമ പഞ്ചായത്ത് 2, അരൂർ, തൃക്കുന്നപ്പുഴ ഗ്രാമ പഞ്ചായത്തുകളിലെ ഓരോ കുടുംബങ്ങൾക്കുമാണ് പുനർഗേഹം ഫ്ലാറ്റ് അനുവദിച്ചത്. ഈ ഫ്ലാറ്റിന്റെ നിർമ്മാണം അന്തിമ ഘട്ടത്തിലാണ്.

വരുമാനം ആവശ്യമായ കുടുംബങ്ങൾക്ക് കുടുംബശ്രീ വഴി ഉജ്ജീവനം പദ്ധതിയിലൂടെ സ്വയം സഹായ സംരംഭങ്ങൾ നൽകിയിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി പെട്ടിക്കട, ലോട്ടറി കിയോസ്കുകൾ, പൗൾട്ടറി ഫാം, പശു വളർത്തൽ തുണിക്കട തുടങ്ങി വിവിധ മർഗത്തിലുള്ള ഉപജീവന മർഗങ്ങൾ ആണ് കുടുംബശ്രീ ഒരുക്കി നല്കിയത്. ആലപ്പുഴ ജില്ലയിൽ തന്നെ ഇവർക്ക് 1.25 കോടി രൂപയുടെ ധനസഹായം നല്കിയിട്ടുണ്ട്. 
ജില്ലയിലെ അതിദരിദ്ര  കുടുംബങ്ങളിൽ  1269 പേർക്ക് വിവിധ അവകാശ രേഖകളില്ലാത്തവരും  വിവിധ സാമൂഹ്യ സുരക്ഷ പദ്ധതികളിൽ അംഗത്വവുമില്ലാത്തവരുമായിരുന്നു.  വിവിധ വകുപ്പുകളുടെ കൂട്ടായ പ്രവർത്തനങ്ങളിലൂടെ ഇവർക്കെല്ലാം തന്നെ അവകാശ രേഖകളും സാമൂഹ്യ സുരക്ഷ പെൻഷനും ലഭ്യമാക്കി. 204 പേർക്ക് വോട്ടേഴ്സ് ഐ.ഡി. കാർഡും 209 പേർക്ക് ആധാർ കാർഡും 141 പേർക്ക് തൊഴിൽ കാർഡും 180 പേർക്ക് റേഷൻ കാർഡും 274 പേർക്ക് ആരോഗ്യ ഇൻഷുറൻസ് കാർഡും രണ്ടു പേർക്ക് ട്രാൻസ്ജെന്റേഴ്സ് ഐഡി കാർഡും ലഭ്യമാക്കി.  146 പേർക്ക് സാമൂഹ്യ സുരക്ഷിതത്വ പെൻഷൻ അനുവദിച്ചു. 114 പേർക്ക് കുടുംബശ്രീ അംഗത്വം പുതുതായി നൽകി. 4 കുടുംബങ്ങൾക്ക് ഗ്യാസ് കണക്ഷനും    ഒരു കുടുംബത്തിന് വസ്തു കൈവശരേഖയും നൽകി. 5 പേർക്ക് വീട് വയറിങ് ചെയ്തു നൽകി. 97 പേർക്ക്
പാകം ചെയ്ത ഭക്ഷണവും 1116 പേർക്ക് ഭക്ഷ്യകിറ്റും 1633 പേർക്ക് മരുന്നും ലഭ്യമാക്കി. 283 പേർക്ക് പാലിയേറ്റീവ് കെയർ സേവനം ലഭ്യമാക്കുന്നുണ്ട്. 13 പേർക്ക് ആരോഗ്യ സുരക്ഷ ഉപകരണങ്ങളും നൽകി. ജില്ലയിലെ അതിദരിദ്ര കുടുംബങ്ങളിലെ പത്താം ക്ലാസ്‌ വിജയിച്ച കുട്ടികൾക്ക് പ്രത്യക സർക്കാർ ഉത്തരവ് പ്രകാരം വീടിനടുത്ത് തന്നെ തുടർപഠനത്തിന് അവസരം നൽകിയിട്ടുണ്ട്. അതിദരിദ്ര കുടുംബങ്ങളിൽപ്പെട്ട 39 കുട്ടികളുടെ പഠനാവശ്യയാത്ര കെ.എസ്‌.ആർ.ടി.സി, സ്വകാര്യ ബസ്സുകളിൽ സൗജന്യമാക്കി യാത്രാപാസുകളും  നൽകി. 

ചടങ്ങിൽ ജില്ലയിലെ അതിദാരിദ്ര്യമുക്ത പദ്ധതി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടർ ജി പി  ശ്രീജിത്തിനെ മന്ത്രി പൊന്നാട അണിയിച്ച് ആദരിച്ചു. എംഎൽഎമാരായ പി പി ചിത്തരഞ്ജൻ, തോമസ് കെ തോമസ്, ജില്ലാ കളക്ടർ അലക്സ‌് വർഗീസ്, ആലപ്പുഴ നഗരസഭാധ്യക്ഷ കെ കെ ജയമ്മ,  ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ടി എസ് താഹ, എം വി പ്രിയ, നഗരസഭ സ്ഥിരം സമിതി അധ്യക്ഷ എ എസ് കവിത, നഗരസഭ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്സ് അസോസിയേഷൻ പ്രസിഡൻ്റ് കെ ഡി മഹീന്ദ്രൻ, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിൻ്റ് ഡയറക്ടർ ബിൻസ് സി തോമസ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി പ്രദീപ് കുമാർ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.