ഹിന്ദുക്കൾക്ക് 'ജയ് ശ്രീരാം' പോലെ തന്നെയാണ് മുസ്‌ലിംകൾക്ക് 'അല്ലാഹു അക്ബർ' ; മെഹബൂബ മുഫ്തി

03:35 PM Apr 30, 2025 | Neha Nair

ശ്രീനഗർ: പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് സ്വിപ് ലൈൻ ഓപറേറ്ററെ സംശയമുനയിൽ നിർത്തുന്നതിനെതിരെ പ്രതികരണവുമായി ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായ മെഹബൂബ മുഫ്തി.

ഹിന്ദുക്കൾക്ക് ജയ് ശ്രീരാം പോലെ മുസ്ലിംകൾക്കിടയിലെ സാധാരണ മന്ത്രമാണ് 'അല്ലാഹു അക്ബർ' എന്നും സമൂഹമാധ്യമങ്ങളിലൂടെ വിഷം വമിപ്പിക്കുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കാൻ കേന്ദ്രസർക്കാർ തയാറാവണമെന്നും മെഹബൂബ മുഫ്തി പറഞ്ഞു.

ആക്രമണ സമയത്ത് വിനോദ സഞ്ചാരി റെക്കോഡ് ചെയ്ത വൈറൽ വിഡിയോയിൽ സിപ് ലൈൻ ഓപറേറ്റർ മുസമ്മിൽ ‘അല്ലാഹു അക്ബർ’ എന്ന് പറയുന്ന ദൃശ്യമുണ്ട്. ഇതിനെ തുടർന്നാണ് സംശയം പ്രകടിപ്പിച്ച് ഗുജറാത്തിൽ നിന്നുള്ള ഒരു സഞ്ചാരി പരാതി നൽകിയത്. എൻ.ഐ.എ മുസ്സമിലിനെ ചോദ്യം ചെയ്യുകയും ചെയ്തു.

"സമൂഹ മാധ്യമങ്ങളിൽ വർഗീയവാദികളായ ചില ആളുകളുണ്ട്... 'ജയ് ശ്രീറാം' എന്ന് പറയുന്നത് പോലെ, മുസ്ലിംകൾ 'അല്ലാഹു അക്ബർ' എന്ന് വിളിക്കുന്നു. നമുക്ക് എന്തെങ്കിലും ബുദ്ധിമുട്ടുകൾ നേരിടുമ്പോൾ, നമ്മൾ 'അല്ലാഹു അക്ബർ' എന്ന് പറയുന്നു... സമൂഹമാധ്യമങ്ങളിൽ വിഷം വമിപ്പിക്കുന്നവർക്കെതിരെ ഇന്ത്യൻ സർക്കാർ കർശന നടപടിയെടുക്കണം,” മെഹബൂബ മുഫ്തിയെ ഉദ്ധരിച്ച് എ.എൻ.ഐ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.

അതേസമയം, ഭീകരാക്രമണത്തിൽ മകന് പങ്കി​ല്ലെന്ന് പറഞ്ഞ് സിപ് ലൈൻ ഓപറേറ്റർ മുസമ്മിലിന്റെ പിതാവും രംഗത്തെത്തി. തന്റെ മകൻ മൂന്നുവർഷമായി സിപ് ലൈൻ ഓപറേറ്ററായി ജോലിചെയ്തു വരികയാണ്. ആക്രമണം നടന്ന ദിവസം വീട്ടിലെത്തിയ മകൻ ഒറ്റക്കിരുന്ന് കരയുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.