+

മരിച്ച സ്ത്രീയുടെ കുടുംബത്തിന് അല്ലു അര്‍ജുന്‍ 20 കോടി നല്‍കണം : തെലങ്കാന മന്ത്രി

മരിച്ച സ്ത്രീയുടെ കുടുംബത്തിന് അല്ലു അര്‍ജുന്‍ 20 കോടി നല്‍കണം : തെലങ്കാന മന്ത്രി

ഹൈദരാബാദ് : ‘പുഷ്പ 2 ന്റെ പ്രീമിയറിനിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ച സ്ത്രീയുടെ കുടുംബത്തിന് അല്ലുവും സിനിമ നിര്‍മ്മാതാക്കളും 20 കോടി രൂപ നല്‍കണമെന്ന് തെലങ്കാന മന്ത്രി കൊമതിറെഡ്ഡി വെങ്കട്ട് റെഡ്ഡി. ഡിസംബര്‍ 4 നാണ് യുവതി മരിച്ചത്. ഈ അനിഷ്ട സംഭവം നടക്കുമ്പോള്‍ തീയറ്ററില്‍ അല്ലു അര്‍ജുന്‍ എത്തിയിരുന്നു.

ഞായറാഴ്ച മാധ്യമങ്ങളോട് സംസാരിച്ച കോമതിറെഡ്ഡി യുവതിയുടെ മരണത്തിന് കാരണമായത് അല്ലുവിന്റെ പ്രവര്‍ത്തനങ്ങളാണെന്ന് വിമര്‍ശിച്ചു. മുന്‍കൂര്‍ മുന്നറിയിപ്പ് നല്‍കിയിട്ടും അല്ലു അര്‍ജുന്റെ തീയറ്ററിലെ സാന്നിധ്യം അനിയന്ത്രിതമായ ജനക്കൂട്ടത്തിനും തിരക്കിനും യുവതിയുടെ മരണത്തിനും കാരണമായെന്ന് മന്ത്രി പറഞ്ഞു.

‘പുഷ്പ 2 ബോക്സ് ഓഫീസില്‍ അഭൂതപൂര്‍വമായ ബിസിനസ്സാണ് നടത്തുന്നത്. കളക്ഷനില്‍ നിന്ന് 20 കോടി രൂപ എടുത്ത് ഇരയുടെ കുടുംബത്തെ സഹായിക്കുക എന്നതാണ് അല്ലു അര്‍ജുന് ചെയ്യാന്‍ കഴിയുന്ന ഏറ്റവും കുറഞ്ഞ കാര്യം’ കോമതിറെഡ്ഡി പറഞ്ഞു.

തിക്കിലും തിരക്കിലും പെട്ട് ആളുകള്‍ കഷ്ടപ്പെടുന്ന വേളയിലും പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടും തിയേറ്ററില്‍ തങ്ങുന്നത് തുടരുകയാണ് അല്ലു ചെയ്തത്. ഇതിനെ ‘അജ്ഞതയും അശ്രദ്ധയും’ എന്നാണ് തെലങ്കാന മന്ത്രി വിശേഷിപ്പിച്ചത്. സന്ധ്യ തീയറ്റര്‍ സംഭവത്തില്‍ അല്ലുവിനെ അറസ്റ്റ് ചെയ്തതില്‍ അടക്കം തെലങ്കാന സര്‍ക്കാറിനെതിരെ രാഷ്ട്രീയ ആരോപണങ്ങള്‍ ഉയരുമ്പോഴാണ് മന്ത്രിയുടെ പ്രസ്താവന.

facebook twitter