ഇറാനും ഇസ്രയേലും തമ്മില്‍ ഒരു കരാറുണ്ടാക്കണം എന്നാവശ്യപ്പെട്ട് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. തന്റെ ഇടപെടല്‍ പല സംഘര്‍ഷഭരിത രാജ്യങ്ങള്‍ക്കിടയിലും സമാധാനത്തിന് കാരണമായെങ്കിലും തനിക്ക് ഒരിക്കലും അംഗീകാരം ലഭിച്ചില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച ഒരു പോസ്റ്റില്‍, കഴിഞ്ഞ മാസം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ ധാരണയ്ക്ക് വ്യാപാരം ഉപയോഗിച്ചുവെന്ന തന്റെ വാദവും ഡോണള്‍ഡ് ട്രംപ് ആവര്‍ത്തിച്ചു.
എന്നാല്‍, ട്രംപിന്റെ ഈ വാദങ്ങളെ ഇന്ത്യ നേരത്തെ തള്ളിക്കളഞ്ഞതാണ്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ ധാരണ ഇരു രാജ്യങ്ങളിലെയും സൈനിക ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍മാര്‍ തമ്മിലുള്ള നേരിട്ടുള്ള ചര്‍ച്ചകളിലൂടെയാണ് ഉണ്ടായതെന്നും വ്യാപാരം ഇതില്‍ ഒരു പ്രധാന പങ്ക് വഹിച്ചിട്ടില്ലെന്നും ഇന്ത്യ വ്യക്തമാക്കി.
സെര്‍ബിയയും കൊസോവോയും, ഈജിപ്തും എത്യോപ്യയും തമ്മിലുണ്ടായിരുന്ന പ്രശ്നങ്ങളില്‍ സമാധാനം സ്ഥാപിച്ചതിനെയും ട്രംപ് ഉദാഹരിച്ചിട്ടുണ്ട്. താന്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്നുണ്ടെങ്കിലും അതിനൊന്നും ഒരിക്കലും തനിക്ക് അംഗീകാരം ലഭിക്കുന്നില്ലെന്നാണ് ട്രംപ് പറയുന്നത്. ഇറാനും ഇസ്രായേലും ഒരു കരാറുണ്ടാക്കണം, ഉണ്ടാക്കും. താന്‍ ഇന്ത്യയെയും പാകിസ്ഥാനെയും കൊണ്ട് ചെയ്യിച്ചത് പോലെയെന്നാണ് ട്രംപ് പറയുന്നത്.