+

കൂട്ടപിരിച്ചുവിടലിന് കാരണം എ ഐ അല്ലെന്ന് ആമസോണ്‍ സിഇഒ

തൊഴിലാളികളെ ജോലിയില്‍ നിന്ന് പറഞ്ഞുവിട്ടതിന് കാരണം സാമ്പത്തിക ബുദ്ധിമുട്ടോ ,നിര്‍മിത ബുദ്ധിയോ അല്ല

ആമസോണിലെ കൂട്ടപിരിച്ചുവിടലിന് കാരണം എ ഐ അല്ലെന്ന് തുറന്ന് പറഞ്ഞ് സിഇഒ ആന്റി ജാസി. 2022 ന് ശേഷം കമ്പനി നടത്തുന്ന ഏറ്റവും വലിയ പിരിച്ചുവിടലാണിത്. 14000 തൊഴിലാളികള്‍ക്കാണ് ഇതിലൂടെ ജോലി നഷ്ടമായത്. നടപടിയുടെ ഭാഗമായി കമ്പനി തൊഴിലാളികള്‍ക്ക് ഒഫിഷ്യല്‍ മെയില്‍ അയക്കുകയും ചെയ്തിരുന്നു. സംഭവം വലിയ ചര്‍ച്ച ആയതോടെ ഇതിന് പിന്നില്‍ എഐ ആണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ വലിയ തോതില്‍ പ്രചരിച്ചിരുന്നു. ഇതിനൊരു വിശദീകരണവുമായാണ് ആമസോണ്‍ മേധാവി തന്നെ രംഗത്തെത്തിയത്.

തൊഴിലാളികളെ ജോലിയില്‍ നിന്ന് പറഞ്ഞുവിട്ടതിന് കാരണം സാമ്പത്തിക ബുദ്ധിമുട്ടോ ,നിര്‍മിത ബുദ്ധിയോ അല്ല, 2017-2022 കാലഘട്ടത്തില്‍ ജോലിക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടായത്. പെട്ടന്നുണ്ടായ ഈ മാറ്റം തൊഴിലാളികളുടെ ദൈനംദിന പ്രവര്‍ത്തനത്തെ മനസിലാക്കുന്നതിനും നിരീക്ഷിക്കുന്നതിനും ഏറെ ബുദ്ധിമുട്ടുണ്ടാക്കി. ഇത് കമ്പനിയുടെ പ്രവര്‍ത്തനത്തെ മന്ദഗതിയിലാക്കുന്നതിനും കാരണമായതായി അദ്ദേഹം പറഞ്ഞു.

എല്ലാ മേഖലകളിലും അതിവേഗ വളര്‍ച്ചയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത് . ഇങ്ങനെ മുന്നോട്ട് പോകുന്ന ഈ ഫാസ്റ്റ് യുഗത്തില്‍ ഒന്നിന് വേണ്ടിയും പിന്നിലോട്ട് പോകാന്‍ സാധിക്കില്ല . തുടക്കത്തിലേ സ്റ്റാര്‍ട്ടപ്പ് മാതൃകയിലേക്ക് കമ്പനിയെ എത്തിക്കാനും,അങ്ങനെ പ്രവര്‍ത്തനം വേഗത്തിലാക്കാനുമാണ് ഇങ്ങനെയൊരു തീരുമാനത്തിലേക്ക് കമ്പനി എത്തിയതെന്നും ആന്റി ജാസി വ്യക്തമാക്കി. ഓഫീസ് ,കോര്‍പ്പറേറ്റ് ജോലികളിലുള്ളവരെയാണ് പ്രധാനമായി ഒഴിവാക്കിയിരിക്കുന്നത്.

എഐയുടെ വരവ് തൊഴിലാളികളുടെ എണ്ണം ക്രമേണ കുറയ്ക്കുമെന്ന് മുന്‍പ് ആന്റി ജാസി പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ, പിരിച്ചുവിടല്‍ വാര്‍ത്തകള്‍ പുറത്തുവന്നതോടെ എല്ലാവരും നിര്‍മിത ബുദ്ധിയാണ് ഇതിന് പിന്നിലെന്ന് കരുതി. എന്നാല്‍ ഇത് പൂര്‍ണ്ണമായും അദ്ദേഹം നിരസിക്കുകയും സാംസ്‌കാരിക പുനഃസജ്ജീകരണത്തിന്റെ ഭാഗം കൂടിയാണ് ഈ പിരിച്ചുവിടല്‍ എന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

facebook twitter