കണ്ണൂർ : ദേശീയപാത പാപ്പിനിശ്ശേരി വളപട്ടണം പാലത്തിന് സമീപം ഗതാഗതക്കുരുക്ക് പതിവാകുന്നു. ഇരുഭാഗത്തെയും വാഹനക്കുരുക്ക് കാരണം പാലം കടന്നുകിട്ടാൻ ഏറെനേരം കാത്തിരിക്കേണ്ട ഗതികേടിലാണ് യാത്രക്കാർ .പാപ്പിനിശ്ശേരി ചുങ്കം മുതൽ വളപട്ടണം കളരിവാതുക്കൽ റോഡ് വരെ പലപ്പോഴും വാഹനങ്ങളുടെ നീണ്ടനിരയാകും.
പാലത്തിലും ദേശീയപാതയിലും വിവിധയിടങ്ങളിലായി റോഡ് തകർന്നു കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. വാഹനങ്ങൾക്ക് വേഗം കടന്നുപോകാൻ സാധിക്കാത്തതും കുരുക്കിനിടയാക്കുന്നതായി പരാതി ഉയർന്നു.വാഹനങ്ങൾ റോങ് സൈഡിൽ കയറുന്നതും റോഡരികിൽ വാഹനങ്ങൾ പാർക്ക് ചെ യ്തിടുന്നതും ഗതാഗത കുരുക്ക് രൂക്ഷമാകാനുള്ള പ്രധാന കാരണമാണ് .കഴിഞ്ഞ ദിവസമാണ് തളിപ്പറമ്പ സഹകരണാശുപത്രിയിൽ നിന്നും കണ്ണൂർ എ കെ ജി ആശുപത്രിയിലേക്ക് രോഗിയുമായി സഞ്ചരിച്ച ആംബുലൻസ് ഗതാഗത കുറുകുക്കിലകപ്പെട്ടത് . ഇത്തരം സംഭവങ്ങൾ തുടർക്കഥയാകുന്നുവെന്നാണ് ഡ്രൈവർമാരുടെ ആരോപണം .
കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഗതാഗത കുരുക്ക് അത്യാസന്ന നിലയിലുള്ള രോഗിയുമായി പോകുന്ന ആംബുലൻസിന് തടസമാകുമെന്ന് കണ്ട വനിത പൊലീസ് ഉദ്യോഗസ്ഥയുടെ സമയോചിത നീക്കത്തിനു മുൻപിൽ കയ്യടിച്ചവരാണ് മലയാളികൾ .അതേ നാട്ടിലാണ് വീണ്ടും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് .
ഗതാഗത പരിഷ്കരണത്തിന്റെ ഭാഗമായി വൺവേ ആക്കിയ ദേശീയപാത ചുങ്കം മുതൽ കെഎസ്ടിപി റോഡ് ജംക്‌ഷൻ വരെ കുരുക്കിൽപെട്ടു യാത്രക്കാർ ഏറെ നേരം കാത്തിരിക്കേണ്ടി വരുന്നു.വളപട്ടണം മുതൽ ചുങ്കം വരെ കിലോമീറ്ററുകളോളം ദൂരത്തിൽ വാഹനങ്ങളുടെ നിര കാണാനാകും. ഇതിനിടയിൽ വൺവേ തെറ്റിച്ചും, ബാരിക്കേഡുകൾ തട്ടിത്തെറിപ്പിച്ചു കടന്നുപോകുന്ന വാഹനങ്ങൾ അപകടത്തിനിടയാക്കുന്നതും പതിവാണ്.